ന്യൂദല്‍ഹി: ഡോ.രാജേന്ദ്രപ്രസാദ് ഭാരതത്തിന്റെ ആദ്യരാഷ്‌ട്രപതിയാകുന്നതിനെ ജവഹര്‍ലാല്‍ നെഹ്രു എതിര്‍ത്തിരുന്നതായി മുന്‍ ഐബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. നെഹ്രു; ഒരു ശല്യപ്പെടുത്തുന്ന പൈതൃകം എന്ന ബുക്കിലാണ് സ്വാതന്ത്ര്യശേഷമുള്ള സംഭവങ്ങള്‍ പരാമര്‍ശിക്കുന്നത്. വിസ്ഡം ട്രീയാണ് ബുക്ക് പുറത്തിറക്കിയത്.
ഭാരതത്തിന്റെ അവസാന ഗവര്‍ണ്ണര്‍ ജനറലായിരുന്ന സി.രാജഗോപാലാചാരിയെ ആദ്യ രാഷ്‌ട്രപതിയാക്കണമെന്ന ഉദ്യേശത്തോടെ നെഹ്രു കള്ളംപറഞ്ഞെന്നാണ് ബുക്കില്‍ പറയുന്നത്. നെഹ്രുവിനും സര്‍ദ്ദാര്‍ പട്ടേലിനും രാജഗോപാലാചാരിയെ രാഷ്‌ട്രപതിയാക്കാനാണ് താല്‍പ്പര്യമെന്ന് നെഹ്രു രാജേന്ദ്രപ്രസാദിന് കത്തെഴുതി. എന്നാല്‍ ഇക്കാര്യം രാജേന്ദ്രപ്രസാദ് സര്‍ദ്ദാര്‍ പട്ടേലിനോട് അന്വേഷിച്ചപ്പോള്‍ നെഹ്രു ഇക്കാര്യം തന്നോട് സംസാരിച്ചിട്ടു പോലുമില്ലെന്ന് വ്യക്തമാക്കി. രാജേന്ദ്രപ്രസാദിനെ രാഷ്‌ട്രപതിയാക്കുന്നത് തടയുന്നതിനായി നെഹ്രു കള്ളം പ്രചരിപ്പിച്ചെന്നാണ് ബുക്കില്‍ പറയുന്നത്.
1949 സപ്തംബര്‍ 10നാണ് നെഹ്രു രാജേന്ദ്രപ്രസാദിന് കത്തെഴുതിയത്. നെഹ്രുവിന്റെ നിലപാടില്‍ അത്യധികം ദുഖത്തോടെ രാജേന്ദ്രപ്രസാദ് മറുപടി കത്തെഴുതി. സര്‍ദ്ദാര്‍ പട്ടേലിന്റെയും കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലി അംഗങ്ങളുടേയും താല്‍പ്പര്യത്തിന് വിരുദ്ധമായായിരുന്നു നെഹ്രുവിന്റെ നീക്കങ്ങളെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നീക്കങ്ങളെല്ലാം പരസ്യമായെന്ന് നെഹ്രുവിന് ബോധ്യം വന്നെന്നും അക്കാലത്തെ കത്തിടപാടുകള്‍ വ്യക്തമാക്കുന്നു. ആര്‍എന്‍പി സിങിന്റെ ബുക്കില്‍ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, സര്‍ദ്ദാര്‍ പട്ടേല്‍, രാജേന്ദ്രപ്രസാദ് തുടങ്ങിയവരുടെ കത്തിടപാടുകളും ഉണ്ട്.
















