ന്യൂദല്‍ഹി: മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കാന്‍ കേന്ദ്രനിയമം വരുന്നു. മദ്യപിച്ച് പിടിയിലാകുന്ന ഡ്രൈവര്‍മാരില്‍ നിന്നും ഈടാക്കുന്ന പിഴത്തുക 10000 രൂപയാക്കി ഉയര്‍ത്താനും ഒരുവര്‍ഷത്തേക്ക് വാഹനം പിടിച്ചെടുക്കാനും വ്യവസ്ഥ ചെയ്തുകൊണ്ട് കേന്ദ്രഗതാഗത മന്ത്രാലയം പുതിയ ബില്‍ തയ്യാറാക്കി.
മദ്യപിച്ച് വണ്ടിയോടിച്ചാല്‍ ലഭിക്കുന്ന ശിക്ഷാകാലാവധി ആറുമാസത്തില്‍ നിന്നും ഒരുവര്‍ഷമായും ഉയര്‍ത്തിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട ബില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ സംസ്ഥാനങ്ങള്‍ക്ക് അയച്ചിരിക്കുകയാണ്. നിലവില്‍ ആറുമാസം തടവും രണ്ടായിരം രൂപ പിഴയും മാത്രമാണ് ശിക്ഷ.
ആദ്യതവണ പിടികൂടിയാല്‍ മാത്രമാണ് ശിക്ഷ പിഴയില്‍ ഒതുങ്ങുന്നത്. കുറ്റം രണ്ടാമതും ആവര്‍ത്തിച്ചാല്‍ തടവും വാഹനം പിടിച്ചെടുക്കലും ഉണ്ടാകും. ഒന്നിലധികം ഡ്രൈവിംഗ് ലൈസന്‍സുകള്‍ കൈവശം വെയ്‌ക്കുന്നതും ഇതിനു പുറമേ വീണ്ടും ലൈസന്‍സ് എടുക്കാന്‍ ശ്രമിക്കുന്നതും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനം ഓടിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്ന് നിര്‍ദ്ദിഷ്ട നിയമം പറയുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാഹനം ഓടിക്കുകയാണെങ്കില്‍ വാഹനത്തിനനുസരിച്ച് രണ്ടായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ പിഴയീടാക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. രാജ്യത്തെ 70 ശതമാനം ഇരുചക്രവാഹനങ്ങളും ഇന്‍ഷുറന്‍സ് ഇല്ലാതെയാണ് ഓടുന്നതെന്നാണ് കണക്ക്.
തെറ്റായ ഡിസൈനുകളില്‍ തയ്യാറാക്കുന്ന വാഹനങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെയും പിഴയീടാക്കും. നിയമം തെറ്റിക്കുന്നതു തുടര്‍ന്നാല്‍ മൂന്നുമാസം ശിക്ഷയും വാഹനത്തിന്റെ വിലയ്‌ക്ക് തുല്യമായ പിഴയും വ്യവസ്ഥ ചെയ്യുന്നു. ട്രാഫിക് സിഗ്നല്‍ തെറ്റായി മറികടക്കുക, സീറ്റ് ബെല്‍റ്റിടാതെ വാഹനമോടിക്കുക എന്നി കുറ്റങ്ങള്‍ക്ക് ചെറിയ പിഴയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ മരണകാരണമാകുന്ന തരത്തില്‍ ട്രാഫിക് തെറ്റിച്ച് വാഹനം ഉപയോഗിക്കുന്നത് വലിയ കുറ്റകൃത്യത്തിന്റെ വകുപ്പിലാണ് ഉള്‍പ്പെടുത്തിയത്. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്നും നിര്‍ദ്ദിഷ്ട നിയമം വ്യവസ്ഥ ചെയ്യുന്നു.
















