ന്യൂദല്‍ഹി: വിദേശഫണ്ട് കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതിന് സര്‍ക്കാരിതര സ്ഥാപനമായ (എന്‍ജിഒ) കാരിത്താസ് ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കി. കത്തോലിക്കാ സഭയുടെ സന്നദ്ധസംഘടനയാണ് ഇത്. രാജ്യ താത്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ചില ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നതുവഴി കാരിത്താസ് ഇന്ത്യ വിദേശഫണ്ട് സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചിരിക്കുകയാണ്. അതിനാല്‍ ഇനി കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അവര്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനോ വിതരണം ചെയ്യാനോ കഴിയില്ല, ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉന്നതന്‍ അറിയിച്ചു.
ഭാരതത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സന്നദ്ധ സംഘടനകളാണ് കൃത്യമായ കണക്ക് കാണിക്കാതെയും രഹസ്യമായും വന്‍തോതില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നത്. ഇവയില്‍ പലതും രാജ്യത്തിന്റെ വികസനത്തിന് തുരങ്കംവയ്‌ക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രം ഗ്രീന്‍ പീസ്, ഫോര്‍ഡ് ഫൗണ്ടേഷന്‍, തുടങ്ങിയവ അടക്കമുള്ള 9000 ലേറെ സംഘടനകള്‍ വിദേശ ഫണ്ട് കൈപ്പറ്റുന്നത് തടഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കാരിത്താസ് ഇന്ത്യയെ നിരീക്ഷണത്തിലാക്കിയതും നിയന്ത്രണം ഏര്‍പ്പെടുത്തിയതും.
തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന് എതിരെ സമരം ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതാണ് കാരിത്താസ് ഇന്ത്യയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കാരണമെന്നാണ് സൂചന. കത്തോലിക്കാ സഭയുടെ കീഴിലുള്ള കാരിത്താസ് ഇന്ത്യ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
















