ന്യൂദല്‍ഹി: പാല്‍, കുപ്പിവെള്ളം, വിവിധതരം ഭക്ഷ്യ എണ്ണകള്‍ എന്നിവയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്തകളെത്തുടര്‍ന്ന് അതീവ ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാഅതോറിറ്റി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിരീക്ഷണങ്ങളും പരിശോധനകളും ശക്തമാക്കാനും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിട്ടു.
പായ്‌ക്കറ്റുകളിലുള്ള വസ്തുക്കളുടെയും കുപ്പിവെള്ളത്തിന്റെയും കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് സമഗ്ര പരിശോധന നടത്താനും സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പായ്‌ക്കറ്റുകളിന്മേലുള്ള കുറിപ്പുകളില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മാഗി വിവാദത്തെത്തുടര്‍ന്ന് ഇന്‍സ്റ്റന്റ് നൂഡില്‍സ്, പിസ്ത, മക്രോണി തുടങ്ങിയവ കഴിഞ്ഞ ഒരു മാസമായി കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കിവരികയാണ്. മാഗിയുടെ ഒമ്പത് തരം നൂഡില്‍സുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. മോണോസോഡിയം ഗഌട്ടാമേറ്റും (എംഎസ്ജി) അമിത അളവില്‍ ഈയവും കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്.
അടുത്തിടെ യുപിയില്‍ നടത്തിയ പരിശോധനയില്‍ മദര്‍ ഡയറിയുടെ കവര്‍ പാലില്‍ സോപ്പിന്റെ അംശവും കണ്ടെത്തിയിരുന്നു.
കെല്ലോഗിനോട് വിശദീകരണം തേടി
ലേബലില്‍ ക്രമക്കേടുകള്‍ കണ്ടതിനെ തുടര്‍ന്ന് പ്രമുഖ കോണ്‍ഫ്‌ളേക്ക് നിര്‍മ്മാതാക്കളായ കെല്ലോഗിനോടും ഹെയ്ന്‍സിനോടും കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി വിശദീകരണം തേടി. കമ്പനികള്‍ ഭക്ഷ്യവസ്തുക്കളുടെ നിലവാരത്തിലും ലേബലിങ്ങിലും നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി കണ്ടെത്തിയിരുന്നു. ചേരുവകളുടെ പേരുകളും അവയുടെ അളവും കവറില്‍ ചേര്‍ക്കാതെയും ചിലവയുടെ അളവു കുറച്ചുകാണിച്ചുമാണ് കമ്പനികള്‍ ചട്ടലംഘനം നടത്തുന്നത്. ഇങ്ങനെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
















