ബെംഗളൂരു: വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തില്‍ കര്‍ണാടകാ സര്‍ക്കാര്‍ ട്രാഫിക് നിയമം കര്‍ക്കശമാക്കുന്നു. 18 വയസ്സില്‍ താഴെയുള്ളവര്‍ വാഹനമോടിച്ച് പിടിയിലായാലോ അപകടമുണ്ടാക്കിയാലോ അച്ഛനമ്മമാര്‍ക്കെതിരെ കേസെടുക്കണമെന്ന ശുപാര്‍ശയാണ് പരിഗണനയില്‍.
ബംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ കുട്ടികള്‍ ഇരുചക്ര, നാലുചക്ര വാഹനങ്ങളോടിക്കുന്നത് പതിവായിരിക്കെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കര്‍ണാടക നടപടി പരീക്ഷിക്കാനൊരുങ്ങുന്നത്.ഗതാഗതനിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കേണ്ടത് മാതാപിതാക്കളുടെ മാത്രം കടമയാണ്. ഇത് ശ്രദ്ധിക്കാതെ മക്കളെ റോഡിലേക്കിറക്കുന്നവര്‍ നടപടിക്ക് അര്‍ഹരാണെന്ന് കോടതി കണ്ടെത്തി.
ഇതുസംബന്ധിച്ച് ഉടന്‍ വിജ്ഞാപനം ഇറക്കണമെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. നാലുവര്‍ഷം മുന്‍പ് മൈസൂരുവിലുണ്ടായ അപകടം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് സര്‍ക്കാറിന് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. നേരത്തേയും സിറ്റിപോലീസ് ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് തുടരാനായില്ല.
















