ന്യൂദല്‍ഹി:ഭാരതം പ്രമേഹത്തിന്റെ ലോകതലസ്ഥാനമായി മാറുന്നു. 1990നുശേഷം ഭാരതത്തില്‍ പ്രമേഹം 123 ശതമാനമാണ് വര്‍ദ്ധിച്ചതെന്നാണ് പുതിയ കണക്കുകള്‍. അമേരിക്കയിലെ വാഷിംഗ്ടണിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍.
ആഗോളതലത്തില്‍ പ്രമേഹം 45 ശതമാനം കൂടിയപ്പോള്‍ 1990 മുതല്‍ 2013 വരെയായി രണ്ടുപതിറ്റാണ്ടുകൊണ്ട് ഇത് ഭാരതത്തില്‍ 123 ശതമാനമാണ് കൂടിയത്. അമിതവണ്ണം, ഉറക്കക്കുറവ്, വൃക്കരോഗം, മൂത്രാശയ അണുബാധ, പക്ഷാഘാതം എന്നിവയടക്കം അനവധി രോഗങ്ങളാണ് പ്രമേഹമുണ്ടാക്കുന്നത്.ഒരിക്കല്‍ സമ്പന്നരാജ്യങ്ങളായിരുന്നു പ്രമേഹത്തില്‍ മുന്‍പില്‍. ഇപ്പോള്‍ ഭാരതം, ചൈന, മെക്‌സിക്കോ തുടങ്ങിയ വികസ്വരരാജ്യങ്ങളും.
ടൈപ്പ് രണ്ട് പ്രമേഹമാണ് ഏറ്റവും കൂടുതല്‍.ഭാരതത്തിന്റെ സാമ്പത്തിക വികസനമാണ് ഇതിനു പ്രധാനകാരണമെന്നാണ് വിദഗ്ധരുടെ നിഗമനം. രണ്ടു പതിറ്റാണ്ടിനിടെ ജീവിത ശൈലിയില്‍, പ്രത്യേകിച്ച് തീറ്റയിലും കുടിയിലും ഉറക്കരീതികളിലും വലിയ മാറ്റമാണ് വന്നത്.
പ്രമേഹമാണ് ഭാരതം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി. അതിന് സാമൂഹ്യ സാമ്പത്തികമാനങ്ങളുമുണ്ട്.ആഹാരരീതിയില്‍ മാറ്റംവന്നു.
എന്നാല്‍ ശാരീരിക പ്രവര്‍ത്തനം വന്‍തോതില്‍ കുറഞ്ഞു.നഗരങ്ങളിലടക്കം പ്രമേഹം കൂടാനുണ്ടായ പ്രധാന കാരണം ഇതുതന്നെ. ഡോ.അനൂപ് മി്രശ പറഞ്ഞു. മാനസിക സമ്മര്‍ദ്ദം കൂടി, ജോലിസമയത്തെ കൃത്യതയും വ്യായാമവും ഇല്ലാതായി, മദ്യപാനം കൂടി, പിന്നെ ഫാസ്റ്റ് ഫുഡും പതിവായി.. പ്രമേഹം കൂടാന്‍ മറ്റൊന്നും വേണ്ട. ഡോക്ടര്‍ തുടര്‍ന്നു. ചെറുപ്പത്തിലേ പ്രമേഹം വരുന്നതാണ് മറ്റൊരു പ്രശ്‌നം. ഇതിന്റെ ഫലമായി കൂടുതല്‍ ചെറുപ്പക്കാര്‍ ഹൃദ്രോഗികളാകുന്നു, രക്തയോട്ട പ്രശ്‌നങ്ങള്‍ ഉള്ളവരാകുന്നു, ഞരമ്പുകള്‍ കേടാകുന്നു, സന്ധിവാതം അടക്കമുള്ള രോഗങ്ങളും പിടികൂടുന്നുണ്ട്.
മലമ്പനി, ക്ഷയം എന്നിവ മൂലമുള്ള മരണം ഭാരതത്തില്‍ കുറയുന്നുണ്ട്. എന്നാല്‍ പ്രമേഹം, കാന്‍സര്‍ എന്നിവ കൂടുകയുമാണ്.
















