പിലിഭിറ്റ്: ഭൂമി ഇടപാടുകളെപ്പറ്റി റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകനെ തല്ലിച്ചതച്ച ശേഷം കാറില്‍ കെട്ടി നൂറ് മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. ഉത്തര്‍ പ്രദേശിലെ പിലിഭിറ്റ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ഹൈദര്‍ ഖാന്‍ എന്ന മാദ്ധ്യമ പ്രവര്‍ത്തകന് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹൈദറിന്റെ നില ഗുരുതരമാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിക്ക് ഒരു മോഷണ കേസിലെ സാക്ഷി അപകടത്തില്‍പ്പെട്ട് കിടക്കുന്നെന്നും രക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഹൈദര്‍ സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ അവിടെയെത്തിയ തന്നെ നാല് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്ന് ഹൈദര്‍ പൊലീസിന് മൊഴി നല്‍കി. തലയില്‍ തോക്ക് കൊണ്ട് അടിച്ച ശേഷം അവര്‍ തന്നെ കാറില്‍ കെട്ടി വലിച്ചെന്നും യുവാവ് വ്യക്തമാക്കി. നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഉത്തര്‍ പ്രദേശിലെ മന്ത്രിയായ രാം മൂര്‍ത്തി വര്‍മയുടെ നിയമം ലംഘിച്ചുള്ള ഖനനം, ബലം പ്രയോഗിച്ചുള്ള ഭൂമി പിടിച്ചെടുക്കല്‍, മറ്റ് നിഗൂഢമായ പ്രവര്‍ത്തനള്‍ എന്നിവയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകനായ ഗജേന്ദ്ര സിംഗിനെ ചുട്ടു കൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. തന്റെ വീട്ടിലേക്ക് രാം മൂര്‍ത്തി അയച്ച പൊലീസുകാരുടെ സംഘമാണ് തന്നെ മണ്ണെണ്ണെയൊഴിച്ച് കത്തിച്ചതെന്ന സിംഗിന്റെ മരണമൊഴി വാര്‍ത്താ ചാനലുകളിലൂടെ വൈറലായിരുന്നു. രാം മൂര്‍ത്തി വര്‍മ ഒളിവിലാണ്.
















