വാഷിംഗ്ടണ്‍: എച്ച് വണ്‍ ബി വീസ ചട്ടങ്ങള്‍ ലംഘിച്ചതായ ആരോപണത്തില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കെതിരേ യുഎസ് അന്വേഷണം തുടങ്ങി. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ്, ഇന്‍ഫോസിസ് എന്നീ കമ്പനികള്‍ക്കെതിരെ ആണ് യുഎസ് തൊഴില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചത്.
വാള്‍ട്ട് ഡിസ്‌നി പോലുളള സ്ഥാപനങ്ങള്‍ അമേരിക്കന്‍ പൗരന്‍മാരായ ജീവനക്കാരെ പിരിച്ചുവിട്ട് എച്ച് വണ്‍ ബി വീസയിലെത്തിയ ഇന്ത്യക്കാരെ തല്‍സ്ഥാനത്തേക്ക് നിയമിക്കുന്നതായി നേരത്തെ മുതല്‍ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസ് ഇന്നലെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അ്‌ന്വേഷണം.
ഇല്ലിനോയിഡില്‍ നിന്നുള്ള സെനറ്റര്‍ റിച്ചാര്‍ഡ് ഡര്‍ബിന്‍, അലബാമയില്‍ നിന്നുളള സെനറ്റര്‍ ജെഫ് സെഷന്‍സ് എന്നിവരാണ് വിഷയം തൊഴില്‍വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ എച്ച് വണ്‍ ബി വീസയ്‌ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് യുഎസ് നീങ്ങിയേക്കും.
ഇന്ത്യയുടെ നിരന്തരമുള്ള സമ്മര്‍ദ്ദഫലമായി വീസ നിബന്ധനകളില്‍ യുഎസ് കോണ്‍സുലേറ്റ് കഴിഞ്ഞ ഡിസംബറില്‍ ഇളവ് അനുവദിച്ചിരുന്നു.
















