ന്യൂദല്‍ഹി: മാഗി നൂഡില്‍സ് നിരോധിച്ചതിനു പിന്നാലെ ശീതള പാനീയമായ റെസ്റ്റ്ലെസും രാജ്യത്ത് നിരോധിച്ചു. ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
പാനീയത്തില്‍ കഫീനിന്റെയും ജിന്‍സെന്‍ജിന്റെയും അളവില്‍ കൂടുതലുള്ള അശാസ്ത്രീയമായ ഉപയോഗത്തെ തുടര്‍ന്നാണ് നടപടി. ഇനി മുതല്‍ റെസ്റ്റ്ലെസ് പാനീയം ഉത്പാദിപ്പിക്കുകയോ വില്ക്കുകയോ ചെയ്യരുതെന്ന് ഉത്പാദകരായ പുഷ്പം ഫുഡ്സ് ആന്‍ഡ് ബിവറേജസിന് ഭക്ഷ്യസുരക്ഷാ വിഭാഗം നിര്‍ദേശം നല്കി. വിപണിയില്‍ നിലവിലുള്ള സ്റ്റോക്ക് തിരിച്ചുവിളിക്കാനും കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
2013 ഡിസംബറിലാണ് കമ്പനിക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം എന്‍ഒസി നല്‍കിയത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ അശാസ്ത്രീയമായ ചേരുവകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാനീയം നിരോധിക്കുകയായിരുന്നു. ഇത്തരത്തില്‍ അശാസ്ത്രീയമായ ചേരുവകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മറ്റ് നാലോളം പാനീയങ്ങള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
മാഗി നൂഡില്‍സില്‍ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരപരിശോധന ഭക്ഷ്യസുരക്ഷ വകുപ്പ് കര്‍ശനമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: