സാന്‍ഫ്രാന്‍സിസ്‌കോ: ആറ് വര്‍ഷത്തെ സേവനത്തിനു ശേഷം ട്വിററര്‍ സിഇഒ ഡിക്ക് കൊസ്റ്റോലോ ജൂലായ് ഒന്നിന് സ്ഥാനം ഒഴിയുന്നു. കമ്പനിയുടെ തലവനായിരുന്ന ആറ് വര്‍ഷം താന്‍ ഏറെ സംതൃപ്തനാണെന്ന് കൊസ്റ്റോളോ പറഞ്ഞു. ട്വിറ്ററിനെ മുന്നോട്ട് നയിക്കാനായതില്‍ അഭിമാനമുണ്ടെന്നും കൊസ്‌റ്റോലോ കൂട്ടിച്ചേര്‍ത്തു.
ട്വിറ്ററിന്റെ സഹസ്ഥാപകരിലൊരാളായ ജാക്ക് ഡോര്‍സി ഇടക്കാല സി.ഇ.ഒ. ആയി ചുമതലയേല്‍ക്കും. പുതിയ മേധാവിയെ നിശ്ചയിക്കുംവരെ അദ്ദേഹമാകും ചുമതല വഹിക്കുക.
30 കോടി അംഗങ്ങളോടുകൂടി, ഇന്റര്‍നെറ്റിലെ ഏറ്റവും ജനപ്രിയ സര്‍വീസുകളിലൊന്നായി ട്വിറ്ററിനെ വളര്‍ത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് കോസ്റ്റലോ. എന്നാല്‍, സമീപകാലത്തായി ട്വിറ്ററിന്റെ വളര്‍ച്ച നിലച്ച അവസ്ഥയിലാണ്.
2014 ല്‍ 140 കോടി ഡോളര്‍ വരുമാനമുണ്ടാക്കിയെങ്കിലും, കമ്പനി ഇപ്പോഴും 57.8 കോടി ഡോളര്‍ നഷ്ടത്തിലാണ്. ഏപ്രിലില്‍ ട്വിറ്ററിന്റെ ഓഹരിമൂല്യത്തില്‍ 25 ശതമാനം ഇടിവുണ്ടായത് തിരിച്ചടിയായി.
ഈ പശ്ചാത്തലത്തില്‍ കമ്പനി മേധാവി കോസ്റ്റലോയ്‌ക്ക് മേല്‍ നിക്ഷേപകര്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. അതാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചതെന്ന് കരുതുന്നു.
















