ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കോണ്‍ഗ്രസ് അതിശക്തമായി വിമര്‍ശിക്കുമ്പോഴും കേരളം ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭൂമിയേെറ്റടുക്കല്‍ ബില്ലിനെ അനുകൂലിച്ചതായി വിവരാവകാശരേഖ. ഉപയോഗിക്കാത്ത ഭൂമിയുടെ തിരിച്ചെടുക്കല്‍ ഉള്‍പ്പടെയുള്ള മോദി സര്‍ക്കാരിന്റെ ഭേദഗതികളെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പിന്തുണച്ചിരുന്നു.
ഗ്രാമവികസന മന്ത്രാലയം 2014 ജൂണ്‍ 26ന് വിളിച്ചുകൂട്ടിയ യോഗത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കേരളം, കര്‍ണാടക, മണിപ്പൂര്‍, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ ബില്ലിനെ അനുകൂലിച്ചതായിട്ടാണ് വിവരാവകാശരേഖ വെളിപ്പെടുത്തുന്നത്. 80ശതമാനം ജനങ്ങളെ ബാധിക്കുന്ന സ്വകാര്യ പൊതുമേഖല പദ്ധതികളെ (പിപിപി) ബിജെപി സര്‍ക്കാരുകളെ കൂടാതെ കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകളും അനുകൂലിച്ചിരുന്നു.
വിവരാവകാശ പ്രവര്‍ത്തകനായ വെങ്കിടേഷ് നായിക്കാണ് വിവരാവകാശ നിയമപ്രകാരം ഇത് സംബന്ധിച്ചുള്ള രേഖകള്‍ പുറത്ത്‌കൊണ്ടുവന്നത്. അതേസമയം ഇത് സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകളെ കോണ്‍ഗ്രസ് നിഷേധിച്ചു.
ഭൂമിയേറ്റെടുക്കല്‍ ബില്ല് മുന്‍യുപിഎ സര്‍ക്കാരാണ് 2013ല്‍ പാസ്സാക്കിയത്. ഏറ്റെടുത്ത ഭൂമി അഞ്ച് വര്‍ഷമായിട്ടും ഉപയോഗിച്ചില്ലെങ്കില്‍ ഉടമസ്ഥന് താല്‍പര്യമുണ്ടെങ്കില്‍ തിരിച്ച് ലഭിക്കുന്നതാണ് വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി വിഭാവനം ചെയ്യുന്നത് എത്രവര്‍ഷമാണോ ആ സമയത്ത് പദ്ധതി ആരംഭിക്കാതിരിക്കുകയോ അതിന്‌ശേഷം പദ്ധതിയുടെ കാലാവധി കഴിഞ്ഞോ ഭൂമി ഉടമസ്ഥന് തിരിച്ചുലഭിക്കുമെന്നാണ് മോദി സര്‍ക്കാര്‍ വിഭാവനം ചെയ്തത്.
ഇതിനെയും കേരളം ഉള്‍പ്പടെയുള്ള സര്‍ക്കാരുകള്‍ അനുകൂലിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെയും പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരുകളുടെയും നിലപാടുകളിലെ വൈരുദ്ധ്യത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ ഇവര്‍ക്കായിട്ടില്ല. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബില്ലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ബില്ലിനെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് വിവരാവകാശ രേഖ വെളിപ്പെടുത്തുന്നത്.
















