ന്യൂദല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവയ്‌പിനെക്കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ജനറലുമായി സംസാരിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കരിപ്പൂരിലേത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിഡ്ജുവും അറിയിച്ചു.
സംഭവത്തെക്കുറിച്ച് സിഐഎസ്എഫ് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ജവാന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് സിഐഎസ്എഫ് കമാന്‍ഡര്‍ അനില്‍ ബാലി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്‌പ്പിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ നാളെ വ്യോമയാന മന്ത്രാലയം ഉന്നതതലയോഗം ചേരും. സിഐഎസ്എഫ് അച്ചടക്കലംഘനം നടത്തിയോ എന്ന് യോഗത്തില്‍ പരിശോധിക്കും.
വിമാനത്താവളത്തില്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂണിറ്റ് ടവറിലെ ചില്ലുവാതിലുകളും ഉപകരണങ്ങളും ജവാന്മാന്‍ അടിച്ചു തകര്‍ത്തിരുന്നു. വലിയ തോതില്‍ നാശനഷ്ടമുണ്ടാക്കിയതിന് സിഐഎസ്എഫ് ജവാന്മാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
















