ന്യൂദല്‍ഹി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ ദല്‍ഹിയിലെ മുന്‍ നിയമ മന്ത്രിയും ആം ആദ്മി നേതാവുമായ ജിതേന്ദര്‍ സിംഗ് തോമറിന്റെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി. ഇപ്പോഴത്തെ സാഹചര്യത്തില്‍ തോമറിന് ഇടക്കാല ജാമ്യം നല്‍കിയാല്‍ അത് സംഭവം കൂടുതല്‍ വഷളാക്കുമെന്ന് കോടതി നിരീക്ഷിച്ചു.
തോമറിന്റെ ജാമ്യാപേക്ഷ ജൂണ്‍ 16ന് വീണ്ടും പരിഗണിക്കും. പൊലീസ് റിമാന്റിനെതിരെ തോമര്‍ നല്‍കിയ ഹര്‍ജി തള്ളിയെങ്കിലും പുതിയ ഹര്‍ജി സമര്‍പ്പിക്കാനാകുമെന്ന് കോടതി വ്യക്തമാക്കി. തോമറിന്റെ പൊലീസ് കസ്റ്റഡി ഈ മാസം 13 വരെ നീട്ടിയിട്ടുണ്ട്.
ജിതേന്ദ്രസിങ് തോമര്‍ സമര്‍പ്പിച്ച ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കാണിച്ച് ദല്‍ഹി ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തോമറിനെ അറസ്റ്റ് ചെയ്തത്. നിയമ,ബിഎസ്‌സി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണ് ബാര്‍ കൗണ്‍സില്‍ പരാതിപ്പെട്ടത്. അവധ് സര്‍വ്വകലാശാലയിലെ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ തോമറിന്റെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും വ്യാജമാണെന്ന് തിരിച്ചറിഞ്ഞു.
തോമറിനെ അയോധ്യയിലെ കോളേജിലേക്ക് തെളിവെടുപ്പിനു കൊണ്ടുപോയി. അതിനിടെ, മറ്റൊരു എഎപി എംഎല്‍എ സുരേന്ദര്‍സിങിന്റേതും വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന വിവാദം വീണ്ടും ഉയര്‍ന്നു. ഇതുസംബന്ധിച്ച കേസ് കോടതിയിലാണ്. സുരേന്ദര്‍ സിങിന്റെ ബിരുദം വ്യാജമാണെന്ന നിലപാടിലാണ് സിക്കിം യൂണിവേഴ്‌സിറ്റി.
















