ന്യൂദല്‍ഹി: വ്യാജബിരുദത്തിന് അറസ്റ്റിലായ ദല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്രസിങ് തോമറിന്റെ കേസിലെ അന്വേഷണം നീളുന്നത് വന്‍വ്യാജബിരുദ മാഫിയയിലേക്ക്. തോമറടക്കം നിരവധി പേര്‍ക്ക് ഇത്തരത്തില്‍ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം വ്യാപിപ്പിച്ചെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി പറഞ്ഞു. അതിനിടെ തോമറിന്റെ കൈവശമുള്ളത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്ന് അവധ് സര്‍വ്വകലാശാല അറിയിച്ചു.
ബീഹാറിലെ തിലക്മാഞ്ജി ഭഗല്‍പൂര്‍ സര്‍വ്വകലാശാല, അവധ് സര്‍വ്വകലാശാല എന്നിവയുടെ പേരില്‍ ആയിരക്കണക്കിന് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് നിരവധിപേര്‍ വാങ്ങിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. അവധ് സര്‍വ്വകലാശാലയുടെ കീഴിലുള്ള അയോധ്യയിലെ കെ.എസ് സാകേത് ബിരുദാനന്തര കോളേജിലെ വ്യാജ ബിഎസ്‌സി സര്‍ട്ടിഫിക്കറ്റും തോമറിന്റെ കൈവശമുണ്ട്. സര്‍വ്വകലാശാലകളിലെ ജീവനക്കാരുടെ സഹായത്തോടെ രജിസ്‌ട്രേഷന്‍ നമ്പരുകള്‍ അടക്കം ശേഖരിച്ചാണ് വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ നിര്‍മ്മാണം.
തോമറിനെ അയോധ്യയിലെ കോളേജിലേക്ക് തെളിവെടുപ്പിനു കൊണ്ടുപോയി. അതിനിടെ, മറ്റൊരു എഎപി എംഎല്‍എ സുരേന്ദര്‍സിങിന്റേതും വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന വിവാദം വീണ്ടും ഉയര്‍ന്നു. ഇതുസംബന്ധിച്ച കേസ് കോടതിയിലാണ്. സുരേന്ദര്‍ സിങിന്റെ ബിരുദം വ്യാജമാണെന്ന നിലപാടിലാണ് സിക്കിം യൂണിവേഴ്‌സിറ്റി.
















