കൊല്ലം: പഠിതാവിന് വയസൊരു പ്രശനമല്ലെന്ന് തെളിയിക്കുകയാണ് അരിക്കുഴി ചരുവിളവീട്ടില്‍ ഐഷാബീവി. പൊതു വിദ്യഭ്യാസവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാക്ഷരതാമിഷനും ചേര്‍ന്നുനടത്തുന്ന അതുല്യം സമ്പൂര്‍ണ വിദ്യാഭ്യാസ പരീക്ഷയില്‍ തന്റെ 101-ാം വയസിലും ഐഷാബിവി പ്രായംമറന്ന് പരീക്ഷഎഴുതാന്‍എത്തിയത്.
വയയ്‌ക്കല്‍ വായനശാലാ പഠന കേന്ദ്രത്തില്‍ പഠനം പൂര്‍ത്തിയാക്കിയാണ് ഐഷാബീവി വയയ്‌ക്കല്‍ ഡിവിയുപിഎസില്‍ പരീക്ഷ എഴുതിയത്. വിലങ്ങറ യുപിഎസില്‍ പരീക്ഷ എഴുതിയ ജാനകിക്കാകട്ടെ 100 വയസും. ഉളിയക്കോവില്‍ എല്‍പിഎസില്‍ പരീക്ഷ എഴുതിയ കൊല്ലം കോര്‍പ്പറേഷനിലെ ശ്രീരംഗത്ത് കോളനിയിലെ 14 വയസുകാരി മീനുവാണ് ഏറ്റവും പ്രായംകുറഞ്ഞ പരീക്ഷാര്‍ത്ഥി
പ്രാഥമിക വിദ്യാഭ്യാസം പകര്‍ന്നു നല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജില്ലയില്‍ 612 കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷയില്‍ 30476 പേര്‍ പങ്കെടുത്തു. ഇതില്‍ 26,835 സ്ത്രീകളും 3641 പുരുഷന്മാരുമാണ് ഉള്‍പ്പെടുന്നത്. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തില്‍ 286 തമിഴ് പഠിതാക്കളും നാലാംതരം പരീക്ഷ എഴുതാനെത്തി.
തമിഴ് മാധ്യമത്തിലാണ് ഇവര്‍ പരീക്ഷ എഴുതിയത്. കൊട്ടാരക്കര ജയിലിലെ 25 അന്തേവാസികളും പരീക്ഷയില്‍ പങ്കാളികളായി. വിളക്കുടി സ്‌നേഹ തീരത്തിലെ അന്തേവാസികളും പരീക്ഷാര്‍ത്ഥികളായി പരീക്ഷയ്‌ക്ക് എത്തിയിരുന്നു. അംഗവൈകല്യം ജീവിതത്തെ തകര്‍ത്ത ഷംനാദിനും പരീക്ഷ എഴുതാനുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കികൊടുത്തിരുന്നു. പരീക്ഷയ്‌ക്ക് എത്തിയവര്‍ക്ക് ആഹാരവും മറ്റ് സജ്ജീകരണങ്ങളും പഞ്ചായത്തുകള്‍ വഴി ഒരുക്കിയിരുന്നു. പരീക്ഷയുടെ മൂല്യനിര്‍ണയം നാളെ പൂര്‍ത്തിയാകും. 19ന് വായന ദിനത്തില്‍ പരീക്ഷയുടെ ഫലപ്രഖ്യാപനവും നടത്തും.
















