Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അസാധാരണ വ്യക്തിത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2015, 01:05 pm IST
in Vicharam

എറണാകുളത്ത് ‘ജന്മഭൂമി’യിലിരുന്ന കാലത്ത് ഒരു കൊല്ലത്തോളം, ഹരിയേട്ടന്റെ നിര്‍ദ്ദേശപ്രകാരം സംഘത്തിന്റെ സംസ്ഥാന കാര്യാലയമായ ‘മാധവനിവാസി’ലാണ് ഞാന്‍ താമസിച്ചത്. ‘കാര്യാലയ’മെന്നാല്‍ ‘ഓഫീസ്’ എന്നാണ് അര്‍ത്ഥമെങ്കിലും ‘മാധവനിവാസ്’ അതു മാത്രമല്ല. എളമക്കരയില്‍ കലൂര്‍-പേരണ്ടൂര്‍ റോഡിന്റെ പടിഞ്ഞാറുവശത്തുള്ള ആ വലിയ മാളികക്കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നിടത്ത് ഒരു മുറി മാത്രമാണ് ഓഫീസ്.

മറ്റു ഭാഗങ്ങളെല്ലാം സംഘത്തിന്റെ പ്രാന്ത (സംസ്ഥാന) പ്രചാരക് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും താമസിക്കുവാനുള്ള സ്ഥലമാണ്. മുമ്പില്‍ കാര്‍പോര്‍ച്ചോടുകൂടിയ കെട്ടിടത്തിന്റെ ചെറിയ വരാന്തയിലൂടെ അകത്ത് പ്രവേശിച്ചാല്‍ വലിയൊരു നടുത്തളം. അതിന്റെ മൂന്നുവശത്തുമായി താമസിക്കാനുള്ള അഞ്ചെട്ടു മുറികള്‍. മുറികളില്‍ ഫര്‍ണീച്ചറൊന്നുമില്ല. പകരം പുല്‍പ്പായ വിരിച്ചിട്ടിരിക്കയാണ്. എന്നാല്‍, പ്രായംചെന്നവര്‍ക്കായി കട്ടിലുണ്ട്. മുകളിലത്തെ നിലയിലും ഇതേപോലെതന്നെ. എനിക്കനുവദിച്ചത് മുകളിലെ കട്ടിലുള്ള ഒരു മുറിയാണ്. ‘ബാത്ത് അറ്റാച്ച്ഡ്’ അല്ലെങ്കിലും മുറിയുടെ തൊട്ടടുത്തുള്ള വരാന്തയില്‍ വാഷ്‌ബേസിനും ടോയ്‌ലെറ്റുമുണ്ട്.

ആദ്യമായി കാര്യാലയത്തില്‍ ചെന്ന ദിവസം ഞാനോര്‍ക്കുന്നു. ഓഫീസ് മുറിയിലിരുന്ന് എന്തോ കുത്തിക്കുറിക്കുകയായിരുന്ന ഒരു കൃശഗാത്രന്‍ പുറത്തുവന്ന് എന്റെ ആഗമനോദ്ദേശ്യം അന്വേഷിച്ചു. ഹരിയേട്ടനെ കണ്ടാല്‍ കൊള്ളാമെന്ന് അറിയിച്ചപ്പോള്‍ നടുവില്‍ ഒരു വട്ടമേശയ്‌ക്ക് ചുറ്റുമായുള്ള നാലഞ്ച് കസേരകളിലൊന്നില്‍ ഇരിക്കാന്‍ പറഞ്ഞിട്ട്, ഹരിയേട്ടന്‍ ആരോടോ സംസാരിക്കുകയാണെന്നും ഉടനെ വരുമെന്നും അറിയിച്ചു. ഞാന്‍ അവിടെ ഇരുന്ന് ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു.

ഓഫീസ് റൂമിന്റെ എതിര്‍വശത്തുള്ള ചുമരിനോട് ചേര്‍ന്ന് അല്പം ഉയരത്തില്‍, ഗര്‍ജ്ജിക്കുന്ന സിംഹത്തിന്റെ പശ്ചാത്തലത്തില്‍ സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ അര്‍ദ്ധകായ പ്രതിമ. അതിന്റെ മുന്നിലും കുറെ പുല്‍പ്പായകള്‍ വിരിച്ചിട്ടിരിക്കുന്നു. വശങ്ങളിലുള്ള മുറികളില്‍ ഏതാനും സ്വയംസേവകര്‍ പുല്‍പ്പായയിലിരുന്ന് എന്തോ എഴുതുകയോ വായിക്കുകയോ ചെയ്യുന്നു. എന്നെക്കണ്ടിട്ടും പുറത്തുവരികയോ വല്ലതും പറയുകയോ ചെയ്തില്ല. അപ്പോഴേയ്‌ക്കും ഹരിയേട്ടന്‍ വന്ന് എന്നോട് കുശലാന്വേഷണം നടത്തി. ആ സമയത്ത് ഓഫീസിലുള്ള ആള്‍ ഞങ്ങളുടെ അടുത്തുവന്ന് ഭവ്യതയോടെ നില്‍ക്കുന്നുണ്ടായിരുന്നു.

എനിക്ക് താമസിക്കാനുള്ള മുറി മുകളിലാണെന്നും അവിടെ പോയി വിശ്രമിക്കാമെന്നും പറഞ്ഞ് ഹരിയേട്ടന്‍ എഴുന്നേറ്റപ്പോഴേക്കും അവിടെ നിന്നിരുന്ന ആള്‍ എന്റെ സ്യൂട്ട്‌കെയ്‌സ് എടുത്ത് ‘വരൂ, മുറി കാണിച്ചുതരാം’ എന്നുപറഞ്ഞ് കോണിയുടെ അടുത്തേക്ക് നടന്നു. ഞാന്‍ പിന്നാലെയും. ഭക്ഷണം കാന്റീനില്‍ കിട്ടുമെന്ന് പറഞ്ഞ് അദ്ദേഹം പോയി. ഞാന്‍ കുളികഴിഞ്ഞ് വസ്ത്രം മാറ്റി. ഉച്ചഭക്ഷണത്തിന് സമയമായിരുന്നതിനാല്‍ താഴെയിറങ്ങി കാന്റീനിലേക്ക് നടന്നു. അപ്പോഴാണ് ഒരു മുറിക്കകത്തുനിന്നും എം.എ. സാര്‍ (മുന്‍ ‘കേസരി’ പത്രാധിപര്‍ എം.എ. കൃഷ്ണന്‍) വാതില്‍ക്കല്‍ വന്ന് എന്നോട് ചിരിച്ചത്. അസുഖം കാരണം ‘കേസരി’യില്‍ നിന്ന് വിരമിച്ച് കുറച്ചുകാലമായി അദ്ദേഹം അവിടെ വിശ്രമിക്കുകയാണെന്ന കാര്യം

എനിക്കറിയാമായിരുന്നുവെങ്കിലും തല്‍ക്കാലം ഓര്‍ത്തിരുന്നില്ല. എം.എ.സാറിനെ കണ്ടപ്പോള്‍ എനിക്ക് വലിയ ആശ്വാസമായി. കാരണം അദ്ദേഹവുമായി എനിക്ക് കുറേക്കാലത്തെ പരിചയവും അടുപ്പവും ഉണ്ടായിരുന്നു.

വല്ലാതെ ക്ഷീണിച്ചിട്ടുണ്ടെങ്കിലും എഴുതാനും വായിക്കാനും കഴിയും. മുറിയില്‍ കട്ടിലിനുപുറമെ ചെറിയൊരു മേശയും കസേരയുമുണ്ട്. വിശ്രമത്തിലാണെങ്കിലും ഇപ്പോഴും കര്‍മ്മനിരതനാണ്. ‘ബാലഗോകുലം’ എന്ന കുട്ടികളുടെ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എം.എ.സാര്‍ ആ മുറിയിലിരുന്നുകൊണ്ട് കത്തുകളിലൂടെ സംഘടനയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നു. പുറമേ, പല സ്ഥലത്തുനിന്നും വരുന്ന പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. എം.എ സാറിനോടൊപ്പമാണ് ഞാന്‍ ആദ്യമായി കാന്റീനില്‍ പോയത്. ഉച്ചയാവുമ്പോഴേക്കും പുറമേപോയ സ്വയംസേവകര്‍ കാര്യാലയത്തിലെത്തുമെന്നതിനാല്‍ പല പന്തികളിലായിട്ടാണ് ഭക്ഷണം കഴിക്കുന്നത്. എല്ലാവരും നിലത്ത് പുല്‍പ്പായയിലിരുന്നു തന്നെയാണ് ആഹരിക്കുക. എം.എ സാറും ഞാനും ആദ്യപന്തിയിലായിരുന്നു. താഴെ ഇരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ഡൈനിംഗ് ഹാളിന്റെ ഒരറ്റത്തായി ഒരു ചെറിയ മേശയും രണ്ടു കസേരകളുമുണ്ട്.

എം.എ. സാറിനോടൊപ്പം ഞാനും അവിടെയാണിരുന്നത്. ഭക്ഷണസാധനങ്ങളും കഴിക്കാനുള്ള സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും ഒരു മേശമേല്‍ ഒരുക്കിവെച്ചിരിക്കും. പ്ലേറ്റില്‍ ഭക്ഷണം സ്വയം വിളമ്പി അവനവന്റെ സ്ഥലത്ത് പോയി ഇരിക്കുന്നു. ആദ്യപന്തിയില്‍ ഇരിക്കുന്നവര്‍ ഭക്ഷണം കഴിക്കുന്നതിനുമുമ്പ് ഭോജനമന്ത്രം ഉരുവിടണം. ഒരാള്‍ ഉറക്കെ ചൊല്ലുകയും മറ്റുള്ളവര്‍ ഏറ്റുചൊല്ലുകയുമാണ് പതിവ്.

കാര്യാലയത്തിലെ അന്തേവാസികളില്‍ കുറച്ചുപേര്‍ മാത്രമേ അവിടെ സ്ഥിരമായി താമസിക്കുന്നുള്ളൂ. അവര്‍ എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരാണ്. ഹരിയേട്ടന് പല സ്ഥലത്തും പോകേണ്ടതുള്ളതിനാല്‍ ഇടയ്‌ക്കേ അവിടെ ഉണ്ടാവാറുള്ളൂ. പരമേശ്വര്‍ജിയും മാധവ്ജിയുമൊക്കെ വല്ലപ്പോഴും വരും. പരമേശ്വര്‍ജി അന്ന് തിരുവനന്തപുരത്തെ ഭാരതീയ വിചാരകേന്ദ്രത്തിന്റെയും മാധവ്ജി ആലുവായിലുള്ള തന്ത്രവിദ്യാപീഠത്തിന്റെയും പ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരുന്നു. ഓഫീസിലിരിക്കുന്ന ആള്‍ ആരാണെന്ന് എനിക്കറിയില്ലായിരുന്നു. ‘മോഹന്‍ജി’ എന്ന് എല്ലാവരും വിളിക്കുന്ന അദ്ദേഹം ഒരു അസാധാരണ പ്രകൃതക്കാരനാണ്.

വളരെ കുറച്ചേ സംസാരിക്കുകയുള്ളൂ. ആദ്യം അദ്ദേഹം അവിടത്തെ അറ്റന്‍ഡറോ ഓഫീസിലെ ഗുമസ്ഥനോ ആണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. അത്തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഇടയ്‌ക്ക് ഓഫീസില്‍നിന്ന് പുറത്തുകടന്ന് കാര്യാലയത്തിലെ എല്ലാ സ്ഥലങ്ങളിലും ഒന്ന് ചുറ്റിക്കറങ്ങും. ഏതെങ്കിലും മുറിയില്‍ ആളില്ലാത്തപ്പോള്‍ ഫാന്‍ കറങ്ങുന്നുണ്ടെങ്കില്‍ അത് ‘ഓഫ്’ ചെയ്യും. ലൈറ്റ് ‘ഓണ്‍’ ആണെങ്കില്‍ അണയ്‌ക്കും. നിലത്തെവിടെയെങ്കിലും കടലാസ് കഷ്ണങ്ങളോ മറ്റോ കണ്ടാല്‍ അതെടുത്ത് ചവറ്റുകൊട്ടയിലിടും. ഇടയ്‌ക്ക് കാന്റീനിലും ചെന്ന് കാര്യങ്ങളന്വേഷിക്കും. ഇതൊക്കെ കാണുമ്പോള്‍ കാര്യാലയത്തിലെ മുഴുവന്‍ ഭരണവും നടത്തുന്ന ‘കാര്യാലയ പ്രമുഖ്’ ആണ് അദ്ദേഹമെന്ന് പിന്നീടാണ് മനസ്സിലായത്.

കാര്യാലയത്തിലെ അന്തരീക്ഷം പൊതുവില്‍ ഗൗരവംമുറ്റിയതാണ്. അന്തേവാസികള്‍ തമ്മില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുന്ന പതിവൊന്നുമില്ല. ആദ്യം എനിക്കത് അല്‍പം വീര്‍പ്പുമുട്ടല്‍ ഉണ്ടാക്കാതിരുന്നില്ല. എങ്കിലും എം.എ. സാറും ജന്മഭൂമിയില്‍ എന്നോടൊപ്പം ജോലിചെയ്തിരുന്ന ചിലരും അവിടെയുള്ളത് അതിനെ ഒട്ട് ലഘൂകരിച്ചു.

ജന്മഭൂമിയിലെ സഹപ്രവര്‍ത്തകരില്‍ ഒരാളായ കെ. മോഹന്‍ദാസ് കാര്യാലയത്തിന്റെ വളര്‍ത്തുപുത്രനാണ്. വളരെ ചെറുപ്പത്തില്‍ അമ്മയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നതിനാല്‍ അച്ഛമ്മയാണ് വളര്‍ത്തിയത്. അച്ഛന്‍ വാസുദേവന്‍ സംഘപ്രചാരക് ആയിരുന്നതിനാല്‍ മകന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായില്ല. ഇത് മനസ്സിലാക്കി മുമ്പ് പ്രാന്ത പ്രചാരക് ആയിരുന്ന ഭാസ്‌കര്‍റാവുജിയുടെ നിര്‍ദ്ദേശപ്രകാരം മോഹന്‍ദാസിനെ ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞശേഷം കാര്യാലയത്തില്‍ താമസിപ്പിച്ചാണ് കോളജില്‍ പഠിപ്പിച്ചത്. മോഹന്‍ജിക്ക് പിതൃനിര്‍വിശേഷമായ വാത്സല്യമായിരുന്നു അവനോട്. കോഴിക്കോട്ടുകാരായി മോഹന്‍ദാസിനുപുറമെ പി. ബാലഗോപാലനും ഒ. വാസവനും സി.എം. കൃഷ്ണനുണ്ണിയും അവിടെയുണ്ട്. നെയ്യാറ്റിന്‍കരക്കാരനായ ജി. പ്രഭയാണ് മറ്റൊരാള്‍. എന്നെക്കാള്‍ വളരെ പ്രായംകുറഞ്ഞവരാണെങ്കിലും അവരെല്ലാമായി ഞാന്‍ നല്ല അടുപ്പത്തിലായിരുന്നു.

കാര്യാലയത്തില്‍ രാവിലെ ആറുമണിക്ക് പ്രാതഃസ്മരണയെന്നൊരു ചടങ്ങുണ്ട്. സാധാരണയായി അല്‍പം വൈകിയാണ് ഉണരുക എന്നുള്ളതുകൊണ്ടും ഈ ചടങ്ങിനെപ്പറ്റി അറിയാത്തതുകൊണ്ടും ഞാന്‍ ആദ്യം അതില്‍ പങ്കെടുത്തിരുന്നില്ല. ഒരുദിവസം അന്ന് ‘ശാരീരിക് പ്രമുഖ്’ ആയിരുന്ന സേതുവേട്ടന്‍ (എസ്. സേതുമാധവന്‍) സൗകര്യപ്പെടുമെങ്കില്‍ ഇതില്‍ പങ്കെടുക്കാമെന്ന് താല്‍പര്യപ്പെട്ടതിനുശേഷം ഞാനും അതിനുപോകാന്‍ തുടങ്ങി. താഴത്തെ നടുത്തളത്തിലെ ‘ഡോക്ടര്‍ജി’യുടെ പ്രതിമയ്‌ക്ക് മുന്നില്‍ വിരിച്ചിട്ട പുല്ലുപായയില്‍ എല്ലാവരും വരിയായി ഇരുന്ന് ഭാരതത്തിന്റെ മഹിമയെ പ്രകീര്‍ത്തിക്കുന്ന ഏകാത്മതാ സ്‌തോത്രം ചൊല്ലല്‍ പ്രാതഃസ്മരണയുടെ ഒരു ഭാഗമാണ്.

ഒരു ആശ്രമത്തിലെ സന്യാസിമാരെപ്പോലെ സംഘപ്രവര്‍ത്തനത്തിനുവേണ്ടി ജീവിത സമര്‍പ്പിച്ച സ്വയംസേവകരുടെ ആവാസകേന്ദ്രമാണ് കാര്യാലയം. സന്യാസിമാര്‍ ആദ്ധ്യാത്മിക മാര്‍ഗത്തില്‍ ചരിക്കുന്നവരാണെങ്കില്‍ സ്വയംസേവകരുടേത് രാഷ്‌ട്രസേവനത്തിന്റെ മാര്‍ഗമാണെന്നു മാത്രം. സംഘത്തിലെ പൂര്‍ണസമയപ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും അവിവാഹിതരായി വീടും കുടുംബവും നല്ല വരുമാനമുള്ള ജോലിയും ഉപേക്ഷിച്ച് സമര്‍പ്പിത സേവനത്തില്‍ മുഴുകിക്കഴിയുന്നവര്‍. ജാതിവ്യത്യാസം തീണ്ടാത്തവരും ജാതിനാമം ഉപേക്ഷിച്ചവരും. ഇവരില്‍ ആരുടെയും ജാതി തിരിച്ചറിയാനാവില്ല. ഒരിക്കല്‍ വാര്‍ദ്ധയില്‍ സംഘത്തിന്റെ ഒരു ക്യാമ്പ് സന്ദര്‍ശിച്ച ഗാന്ധിജിയെ ഇത് വിസ്മയിപ്പിച്ചതായി കേട്ടിട്ടുണ്ട്. സ്വയംസേവകരുടെ ജീവിതശൈലിയിലെ ലാളിത്യവും അച്ചടക്കവും പ്രശംസനീയമാണ്. ഞാന്‍ കാര്യാലയത്തിലുള്ളപ്പോള്‍ സംഘത്തിന്റെ സമുന്നത ദേശീയ നേതാക്കളായ ദത്തോപന്ത് ഠേംഗ്ഡ്ജി, എച്ച്.വി. ശേഷാദ്രി, സൂര്യനാരായണറാവു തുടങ്ങിയവര്‍ ഒന്നുരണ്ട് തവണ അവിടെ വരികയുണ്ടായിട്ടുണ്ട്. പുറമെ പരമോന്നത നേതാവായ സര്‍സംഘചാലക് ബാലാസാഹിബ് ദേവറസും വരികയുണ്ടായി. പക്ഷേ, മറ്റ് സംഘടനകളിലെ നേതാക്കള്‍ എവിടെയെങ്കിലും ചെല്ലുമ്പോഴുള്ള കോലാഹലങ്ങളൊന്നുമില്ല.

പ്രാദേശിക നേതാക്കളിലാരെങ്കിലും ഒന്നോ രണ്ടോ കാറില്‍ വിമാനത്താവളത്തില്‍ നിന്നോ റെയില്‍വേ സ്റ്റേഷനില്‍നിന്നോ അവരെ സ്വീകരിച്ച് കാര്യാലയത്തിലെത്തിക്കുന്നു. ഘോഷയാത്രയോ അനേകം കാറുകളുടെ അകമ്പടിയോ ഒന്നുമില്ല. തിരിച്ചുപോക്കും അങ്ങനെത്തന്നെ. സ്വയംസേവകരുടെ യോഗത്തിലല്ലാതെ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്ന പതിവുമില്ല. 1986ല്‍ തിരുവനന്തപുരത്തും കണ്ണൂരിലും സംഘം സംഘടിപ്പിച്ച ഹിന്ദുസംഗമത്തിന്റെ സംസ്ഥാന സ്വാഗതസംഘാധ്യക്ഷനെന്ന നിലയില്‍ ദേവറസ്ജിയോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. ഇരുപതിനായിരത്തോളം സ്വയംസേവകര്‍ പങ്കെടുത്തതായി കണക്കാക്കപ്പെടുന്ന ഈ ചടങ്ങുകളില്‍ കാണാന്‍ കഴിഞ്ഞ അച്ചടക്കം അത്യസാധാരണം തന്നെയായിരുന്നു.

പരിപാടി കഴിയുന്നതുവരെ ഒരനക്കംപോലുമില്ലാതെ നിശബ്ദമായി പ്രസംഗം ശ്രദ്ധിച്ചുകേള്‍ക്കുന്ന അത്തരം സദസ്സ് ഞാന്‍ അതിനുമുമ്പോ പിമ്പോ കണ്ടിട്ടില്ല. അതുപോലെ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ബസുകളിലും മറ്റ് വാഹനങ്ങളിലും വന്ന സ്വയംസേവകര്‍ തിരിച്ചുപോകുന്നതിലെ ക്രമവും ചിട്ടയും അത്ഭുതകരംതന്നെ. സംഘത്തിന് കേരളത്തിലുണ്ടായ വളര്‍ച്ച വിളംബരം ചെയ്യുന്നതായിരുന്നു ആ ചടങ്ങുകള്‍.

എറണാകുളത്തായിരിക്കുമ്പോള്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ ഞാന്‍ ഫാറൂഖ് കോളേജിനടുത്തുള്ള എന്റെ വീട്ടില്‍ വരുമായിരുന്നു. അങ്ങനെ ഒരു തവണ വന്നപ്പോള്‍ അനുജന്‍ മോഹന്‍ദാസ് കാണാന്‍ വന്നു. ജന്മഭൂമിയിലെ കാര്യങ്ങളെപ്പറ്റിയൊക്കെ അന്വേഷിച്ചശേഷം എറണാകുളത്ത് എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചു. ‘മാധവ നിവാസില്‍’ എന്ന് മറുപടി പറഞ്ഞപ്പോള്‍ വിശ്വാസംവരാത്തതുപോലെ ‘സംഘകാര്യാലയത്തിലോ?’ എന്നായി അവന്‍. എന്നിട്ട് ഊറിച്ചിരിക്കുകയും ചെയ്തു. ആ ചോദ്യത്തിലും ചിരിയിലും പരിഹാസം കലര്‍ന്നിരുന്നു. ആ പരിഹാസം ഞാന്‍ അര്‍ഹിക്കുന്നതുതന്നെ. കാരണം 1949ല്‍ സാമൂതിരി കോളജില്‍ അവന്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോഴാണ് ശാഖയില്‍ പോകാറുണ്ടെന്ന വിവരം ഞാനറിഞ്ഞത്. ഞാന്‍ അന്ന് അടിയുറച്ച കോണ്‍ഗ്രസുകാരനും ഗാന്ധിയനുമായിരുന്നു. അതുകൊണ്ടാവാം സംഘത്തിനോട് കടുത്ത വിരോധമായിരുന്നു എനിക്ക്. സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെന്തെന്നും ഇതിന്റെ പ്രവര്‍ത്തനശൈലി എങ്ങനെയെന്നും ഒന്നും മനസ്സിലാക്കാതെയുള്ള അന്ധമായ വിരോധം. ഒരു പക്ഷേ, ഗാന്ധിവധത്തില്‍ പങ്കുള്ളവരെന്ന തെറ്റിദ്ധാരണയും അതിന് ഹേതുവായിരുന്നിരിക്കാം.

ചില ഭൂതകാലസംഭവങ്ങള്‍ മനസ്സില്‍ തെളിഞ്ഞു. കടലുണ്ടിയിലെ സ്വന്തം വീട്ടില്‍ ഭാഗംകഴിഞ്ഞ് ഏട്ടനും ഓപ്പോള്‍മാരും പിരിഞ്ഞുപോയ ശേഷം അമ്മയും ഞാനും രണ്ടനുജന്മാരും മാത്രമായി. മൂത്തയാള്‍ എന്ന നിലയില്‍ ഞാനായിരുന്നു അനുജന്മാരുടെ രക്ഷിതാവ്. അതുകൊണ്ട് അനുജന്മാരെ ‘നേര്‍വഴിക്ക്’ നടത്തേണ്ട ചുമതലയും എനിക്കാണല്ലോ. ആ നിലയില്‍ മോഹന്‍ദാസിനോട് മേലില്‍ സംഘത്തിന്റെ ശാഖയില്‍ പോകരുതെന്ന് ഞാന്‍ കല്‍പ്പിച്ചു. പക്ഷേ, അവന്‍ അതനുസരിച്ചില്ല. ഒരു ദിവസം ഞാന്‍ അവനെ വിളിച്ച് വിസ്തരിച്ചു. ”നീ ഇപ്പോഴും ശാഖയില്‍ പോകാറുണ്ടല്ലേ?” എന്ന എന്റെ ചോദ്യത്തിന് അവന്‍ മറുപടി പറഞ്ഞില്ല. പലതവണ ചോദിച്ചിട്ടും അവന്‍ ‘കുറ്റം’ നിഷേധിക്കാതിരുന്നപ്പോള്‍ എനിക്ക് കോപം അടക്കാനായില്ല. ഞാനവനെ പൊതിരെ തല്ലി. പക്ഷേ, തല്ല് കൊള്ളുമ്പോഴും ഹിരണ്യകശിപുവിന്റെ മുന്നില്‍ പ്രഹഌദനെന്ന പോലെ അവന്‍ ഉറപ്പിച്ചു പറഞ്ഞു: ”ഏട്ടന്‍ എത്ര എതിര്‍ത്താലും ശാഖയില്‍ പോകുന്നത് ഞാന്‍ നിര്‍ത്തില്ല.” അതോടെ ഞാന്‍ അടിനിര്‍ത്തി.

അവന്റെ നിശ്ചയദാര്‍ഢ്യത്തില്‍ എനിക്കല്‍പ്പം മതിപ്പുതോന്നാതിരുന്നില്ല. ആയിടയ്‌ക്ക് ഒരു ദിവസം അന്ന് പ്രാന്ത പ്രചാരക് ആയിരുന്ന ശങ്കര്‍ശാസ്ത്രി വീട്ടില്‍ വരികയുണ്ടായി. ആ വിശിഷ്ടാതിഥിയെ യഥോചിതം സ്വീകരിക്കുവാനോ സംഘത്തെക്കുറിച്ച് അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ക്ഷമാപൂര്‍വ്വം കേള്‍ക്കാനോ ഉള്ള സൗമനസ്യംപോലും ഞാന്‍ കാണിച്ചില്ല. ശാസ്ത്രിയോടൊപ്പമുണ്ടായിരുന്ന പ്രസന്നവദനനായ ഒരാള്‍ ഇടയ്‌ക്ക് ഓരോന്നു പറഞ്ഞ് എന്നെ അനുനയിപ്പിക്കാന്‍ വിഫലശ്രമം നടത്താതിരുന്നില്ല. ഭാഗ്യവശാല്‍ അപ്പോഴേക്കും മോഹന്‍ദാസ് എത്തി ശാസ്ത്രിയുമായി സംസാരിക്കാന്‍ തുടങ്ങി. ശാസ്ത്രിയോടൊപ്പമുണ്ടായിരുന്ന ആള്‍ കോഴിക്കോട്ടെ സ്വയംസേവകര്‍ക്ക് പ്രിയങ്കരനായ പെരച്ചേട്ടനാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.

കാര്യാലയത്തില്‍ താമസിക്കുന്ന കാലത്താണ് സംഘത്തെ അടുത്തറിയാന്‍ എനിക്ക് അവസരം ലഭിച്ചത്.

യുവാക്കളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പരിശീലനം നല്‍കുന്നതിനുള്ള ഒരു സംഘടന മാത്രമാണ് അതെന്ന് ധാരണ (സംഘശാഖയില്‍ പങ്കെടുക്കുന്നവരുടെ ഗണവേഷവും പട്ടാളച്ചിട്ടയുമാവാം അതിന് ഹേതുവായത്) തിരുത്തപ്പെട്ടു. ജീവിതത്തിന്റെ വിവിധമേഖലകളില്‍ അര്‍പ്പണബോധത്തോടും ത്യാഗമനോഭാവത്തോടുംകൂടി നിസ്വാര്‍ത്ഥസേവനം അനുഷ്ഠിക്കുവാന്‍ പ്രാപ്തരായ വിശിഷ്ടവ്യക്തികളുടെ ഒരു മഹാപ്രസ്ഥാനമാണ് സംഘം എന്നും ശാഖ അതിന്റെ പരിശീലനക്കളരിയാണെന്നും എനിക്കു ബോധ്യമായി. സേവാഭാരതി, വനവാസി കല്യാണ്‍, ഭാരതീയ വിദ്യാനികേതന്‍ തുടങ്ങിയ പരിവാര്‍ സംഘടനകളിലൂടെ യഥാക്രമം അനാഥസംരക്ഷണം, ആദിവാസികളുടെ ഉദ്ധാരണം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സംഘം പ്രശസ്തരായ സേവനം അനുഷ്ഠിച്ചുവരുന്നു. ഇതിനുപുറമെ, രാജ്യത്തെവിടെ പ്രകൃതിക്ഷോഭമോ, മറ്റു വിപത്തുക്കളോ ഉണ്ടായാലും അവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം ഓടിയെത്തുന്നതും സ്വയംസേവകര്‍ തന്നെ. ആന്ധ്രയിലെ ചുഴലിക്കാറ്റ്, ഗുജറാത്തിലെ ഭൂകമ്പം, പെരുമണ്‍-കടലുണ്ടി തീവണ്ടയപകടം എന്നിവ പ്രത്യേകിച്ചും എടുത്തുപറയാവുന്നതാണ്.

ഏറ്റവും ഒടുവില്‍ 2004 ഡിസംബറില്‍ നമ്മുടെ തീരപ്രദേശങ്ങളില്‍ വമ്പിച്ച ആള്‍നാശത്തിനും മറ്റു കെടുതികള്‍ക്കും ഇടയാക്കിയ സുനാമിയിലും സ്ഥിതിവ്യത്യസ്തമായിരുന്നില്ല. പക്ഷേ, സംഘത്തിന്റെ ഈദൃശ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതരില്‍ നിന്നോ മാധ്യമങ്ങളില്‍ നിന്നോ അര്‍ഹിക്കുന്ന അംഗീകാരമോ അഭിനന്ദനമോ ലഭിക്കാറില്ലെന്നത് ഒരു വസ്തുതയാണ്. സ്വയംസേവകര്‍ക്ക് അതില്‍ പരിഭവമോ, പരാതിയോ ഇല്ല. നിഷ്‌കാമകര്‍മ്മികളായ അവര്‍ അത് പ്രതീക്ഷിക്കുന്നില്ല എന്നതുതന്നെ കാരണം. സ്വഭാവസംസ്‌കരണത്തിനും ഊന്നല്‍ നല്‍കുന്നുണ്ട് ശാഖയില്‍.

അങ്ങനെ, ഒരു കാലത്ത് സംഘത്തിന്റെ ബദ്ധവിരോധിയായിരുന്ന ഞാന്‍ ക്രമേണ അതിന്റെ ഉറ്റബന്ധുവായി മാറി. അനുജന്‍ മോഹന്‍ദാസ് സ്വയംസേവകനായപ്പോള്‍ ‘ഇവര്‍ ഇങ്ങനെ വഴിപിഴച്ചുപോയല്ലോ’ എന്നോര്‍ത്ത് ഞാന്‍ കുണ്ഠിതപ്പെട്ടിരുന്നു. ഇപ്പോള്‍ ഞാനിതാ അവനേക്കാള്‍ ‘വഴിപിഴച്ച്’ സംഘത്തിന്റെ സംസ്ഥാന കാര്യാലയത്തില്‍ എത്തിപ്പെട്ടിരിക്കുന്നു.

വിധിവൈപരീത്യം എന്നല്ലാതെ എന്തുപറയാന്‍? ഒരുപക്ഷേ, ജീവിതത്തില്‍ ദൈവം നമ്മെ പല വഴികളിലൂടെയും നയിച്ച് ഒടുവില്‍ അര്‍ഹമായ ഒരിടത്ത് എത്തിക്കുന്നതാവാം.

കാര്യാലയത്തില്‍ താമസിക്കുന്ന കാലത്താണ് ഞാന്‍ ആദ്യമായി സംഘത്തിന്റെ ശാഖയില്‍ പോയത്. പ്രാതസ്മരണയ്‌ക്കുശേഷം കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്തെ ഗ്രൗണ്ടില്‍വെച്ചാണ് ശാഖ. സ്വയംസേവകര്‍ ഗണവേഷത്തിലാണ് (കാക്കി ട്രൗസറും ഷര്‍ട്ടും, ബെല്‍റ്റും കറുത്ത തൊപ്പിയും) ശാഖയില്‍ വരിക. ഞാനും ജന്മഭൂമിയിലെ സഹപ്രവര്‍ത്തകരും സാധാരണ വേഷത്തിലും. ഭഗവത്ധ്വജാരോഹണത്തിനുശേഷമാണ് ശാഖ തുടങ്ങുക. മുഖ്യശിക്ഷകിന്റെ നിര്‍ദ്ദേശാനുസരണം രണ്ടുവരിയായി നിന്ന് ചില ലഘു കായികാഭ്യാസങ്ങളാണ് ശാഖയിലെ മുഖ്യപരിപാടി. അതിനുശേഷം ധ്വജപ്രണാമം. എല്ലാവരും വലതുകൈ വിലങ്ങനെ മാറോടുചേര്‍ത്തുവെച്ച് ധ്വജത്തെ വന്ദിക്കുന്നു. മുഖ്യശിക്ഷകന്‍

”നമസ്‌തേ സദാവത്സലേ മാതൃഭൂമേ

ത്വയാ ഹിന്ദുഭൂമേ സുഖം വര്‍ധിതോഹം”

എന്ന ഗീതം ആലപിക്കുകയും മറ്റുള്ളവര്‍ അതേറ്റു ചൊല്ലുകയും ചെയ്യുന്നു. പണ്ട് കോണ്‍ഗ്രസ് പൊതുയോഗങ്ങളും സമ്മേളനങ്ങളും തുടങ്ങുന്നതിനുമുമ്പ്, മഹാകവി വള്ളത്തോളിന്റെ

”പോരാ പോരാ നാളില്‍ നാളില്‍

ദൂരദൂരമുയരട്ടെ

ഭാരതാക്ഷ്മാ ദേവിയുടെ തൃപ്പതാകകള്‍”

എന്ന ഗാനം ആലപിച്ചിരുന്നു. പതാകാവന്ദനച്ചടങ്ങിനോട് ഇതിന് സാമ്യമുണ്ട്. കോണ്‍ഗ്രസുകാര്‍ കൊടിമരത്തിന്റെ ചുറ്റും കൈകൂപ്പി നിന്നാണ് പതാകയെ വന്ദിച്ചിരുന്നത് എന്നു മാത്രം.

കാര്യാലയത്തിന്റെ മുകളില്‍ നടുത്തളത്തില്‍ വെച്ച് ഇടയ്‌ക്കിടെ ബൈഠക്കും (ശാഖയിലെ സ്വയംസേവകരുടെ യോഗം) സാംഘിക്കും (പല ശാഖകളിലെയും സ്വയംസേവകരുടെ യോഗം) ~ഒരു തവണ ശിക്ഷാവര്‍ഗും (ശാഖകളിലെ ശിക്ഷക്മാര്‍ക്കും മുഖ്യശിക്ഷകന്മാര്‍ക്കുമുള്ള പരിശീലന പരിപാടി). എന്റെ മുറിയുടെ തൊട്ടടുത്താണ് നടുത്തളം എന്നതിനാല്‍ അതിലെ കടന്നുപോകുമ്പോള്‍ എനിക്ക് ആ ചടങ്ങ് കാണാന്‍ കഴിയുമായിരുന്നു. ഒരു ദിവസം ഹരിയേട്ടന്‍ എന്നെ വിളിച്ച് ശിക്ഷാര്‍ത്ഥികള്‍ക്ക് എന്നെ പരിചയപ്പെടുത്തുകയുണ്ടായി. പ്രാന്തകാര്യവാഹ് ഉള്‍പ്പെടെ, ബൗദ്ധിക് പ്രമുഖ് എന്നിവരുള്‍പ്പെടെയുള്ള സംഘത്തിന്റെ പ്രമുഖ നേതാക്കളുടെ ക്ലാസുകള്‍ ദിവസേനയുണ്ടാവും. ഇടവേളകളില്‍ എല്ലാവരും ചേര്‍ന്ന് രാഷ്‌ട്ര ഗീതങ്ങള്‍ ആലപിക്കും. ശിക്ഷാവര്‍ഗ്ഗു നടക്കുമ്പോള്‍ കാര്യാലയത്തില്‍ നല്ല തിരക്കായിരിക്കും. പക്ഷേ, എല്ലാവരും നല്ല ചിട്ടയും ക്രമവും പാലിച്ചിരുന്നുന്നതിനാല്‍ ഒച്ചയും ബഹളവുമൊന്നുമുണ്ടാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.