ന്യൂദല്‍ഹി: മുന്‍ ഇന്റലിജന്‍സ് ബ്യൂറോ തലവന്‍ അസിഫ് ഇബ്രാഹിമിനെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രധാനപ്പെട്ട തസ്തികയില്‍ നിയമിച്ചു. 2014ലാണ് ഇന്റലിജന്‍സ് ബ്യൂറോയില്‍ നിന്നും അദ്ദേഹം വിരമിച്ചത്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക സ്ഥാനപതിയായിട്ടാണ് നിയമനം.
പടിഞ്ഞാറന്‍ ഏഷ്യ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക സ്ഥാനപതിയായിരിക്കും അദ്ദേഹം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മുമ്പാകെ അസിഫ് ഇബ്രാഹിം ചുമതലയേറ്റു. ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റിലായിരിക്കും ഇബ്രാഹിം ജോലിചെയ്യുക.
ഇസ്ലാമിക ലോകവുമായിട്ടും അവിടുത്തെ രാഷ്‌ട്രീയ ഘടനയെക്കുറിച്ചും ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന ഭീകരതയുടെ ദേശീയ അന്താരാഷ്‌ട്ര കുരുക്കുകളെക്കുറിച്ചും ഇബ്രാഹിമിന് വ്യക്തമായ ബോധ്യമുണ്ട്. സൗദി അറേബ്യയിലും മലേഷ്യയിലും ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ തലപ്പത്തുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ ഇബ്രാഹിമിന്റെ പരിചയ സമ്പന്നത ഏറെ ഗുണകരമായിരിക്കുമെന്ന് മുന്‍ നയതന്ത്രജ്ഞനും പ്രധാനമന്ത്രിയുടെ പ്രത്യേക സ്ഥാനപതിയുമായിരുന്ന രാകേഷ് സൂദ് പറഞ്ഞു.
















