ന്യൂദല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജഗദീഷ് ടൈറ്റ്‌ലര്‍ സാക്ഷിയെ സ്വാധീനിച്ചെന്ന ആരോപണത്തില്‍ മറുപടി നല്‍കാന്‍ സിബിഐക്ക് കേസ് പരിഗണിക്കുന്ന ദല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ കോടതിയുടെ നിര്‍ദ്ദേശം. കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ അപേക്ഷ പരിഗണിക്കവെ മജിസ്‌ട്രേറ്റ് എസ്.പി.എസ് ലാലെര്‍ വിശദീകരണം ആവശ്യപ്പെട്ടു.
കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വ്യവസായി അഭിഷേക് വര്‍മ്മയുടെ മൊഴിയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുവെന്ന എതിര്‍കക്ഷികളുടെ അഭിഭാഷകന്‍ എച്ച്.എസ്. ഫൂല്‍ക്കയുടെ വാദം കണക്കിലെടുത്താണ് നടപടി. കേസ് ഈ മാസം 26ന് പരിഗണിക്കും.
കേസിലെ പ്രധാന സാക്ഷി അന്തരിച്ച സുരീന്ദര്‍ കുമാര്‍ ഗ്രാന്തിയെ ടൈറ്റ്‌ലര്‍ സ്വാധീനിച്ചുവെന്നാണ് ആരോപണം. സുരീന്ദറിന്റെ വിദേശത്തുള്ള മകന്‍ നരീന്ദര്‍ സിങ് വഴിയാണ് ടൈറ്റ്‌ലര്‍ കരുക്കള്‍ നീക്കിയത്. നരീന്ദറിന്റെ നിര്‍ബന്ധപ്രകാരം സുരീന്ദര്‍ മൊഴിമാറ്റിയെന്നും, ടൈറ്റ്‌ലര്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടുവെന്നും അഭിഷേക് മൊഴി നല്‍കിയതായി ഫൂല്‍ക്ക ചൂണ്ടിക്കാട്ടി.
കാനഡയിലുള്ള തന്റെ സഹോദരിക്ക് ടൈറ്റ്‌ലര്‍ അഞ്ചുകോടി രൂപ നല്‍കിയെന്നും അഭിഷേക് മൊഴി നല്‍കിയിട്ടുണ്ട്. ഹവാല ഇടപാടുവഴി നല്‍കിയ പണം ബാങ്ക് തടഞ്ഞുവച്ചുവെന്ന് മൊഴിയിലുണ്ടെന്നും ഫൂല്‍ക്ക പറഞ്ഞു.
ഏപ്രില്‍ 22നാണ് കേസ് അവസാനിപ്പിക്കാന്‍ സിബിഐ കോടതിയുടെ അനുമതി തേടിയത്. മൂന്നാംതവണയാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം.പരാതിക്കാരി ലഖ്‌വീന്ദറിനു നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കലാപത്തില്‍ കൊല്ലപ്പെട്ട ബാദല്‍ സിങ്ങിന്റെ ഭാര്യയാണ് ലഖ്‌വീന്ദര്‍.
















