ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഗ്രാമത്തിലൂടെ റയില്‍വേ സര്‍വ്വീസ് ആരംഭിക്കണമെന്ന അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയ്‌ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന കാബിനറ്റാണ് അഹ്മദ്‌നഗര്‍ – ബീഡ്- പര്‍ലി വയ്ജ്‌നാഥ് റെയില്‍വേ ലൈനിന് അംഗീകാരം നല്‍കിയത്.
പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ പ്രദേശത്തെ ഉള്‍നാടന്‍ ഗ്രാമ വികസനത്തിന് വഴിവെയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി മുണ്ടെയുടെ സ്വപ്‌ന പദ്ധതിയായിരുന്നു ഇത്. കേന്ദ്രം നേരത്തെ തന്നെ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നതാണെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.
261 കിലോമീറ്റര്‍ നീളത്തില്‍ റയില്‍പാതയ്‌ക്കായി 2009 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടുന്നതാണ്. ഇത് ലഭിക്കാതിരുന്നതാണ് കാലതാമസമുണ്ടാകാന്‍ കാരണം. 50 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാവുക. 2826 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ് കണക്കാക്കുന്നത്.
















