ന്യൂദല്‍ഹി: സാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്‌ക്ക് ഫോണ്‍ കോള്‍ കട്ടായാല്‍ ഇനി പ്രശ്‌നമില്ല. ആ കോളിന്റെ പണം ഫോണ്‍ കമ്പനി മടക്കി നല്‍കും. അല്ലെങ്കില്‍ അത്രയും സമയം കൂടുതല്‍ നല്‍കും. ഇതിനുള്ള നടപടികള്‍ ടെലികോം മന്ത്രാലയത്തില്‍ പൂര്‍ത്തിയായിവരികയാണ്. അധികം വൈകാതെ ഇതിനുള്ള ഉത്തരവ് ഇറങ്ങും. ആറു മാസത്തിനുള്ളില്‍ ഇത് നടപ്പാക്കിത്തുടങ്ങിയേക്കും.
പാതിവഴിക്ക് നിന്നുപോകുന്ന ഫോണ്‍കോളുകളുടെ പണം മടക്കി നല്‍കുന്ന കാര്യം വാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ് മന്ത്രാലയത്തിലെ ഉന്നതരുമായും കേന്ദ്ര സര്‍ക്കാരുമായും സര്‍ക്കാര്‍, സ്വകാര്യ ഫോണ്‍ കമ്പനികളുമായും ചര്‍ച്ച നടത്തിവരികയായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ( ചൈനയാണ് ഒന്നാമത്) ഫോണ്‍ ശൃംഖലയാണ് ഭാരതത്തിലുള്ളത്. എന്നാല്‍ ഇടയ്‌ക്ക് കോള്‍ കട്ടാകുന്നതടക്കം നിരവധി പ്രശ്‌നങ്ങളാണ് ഉപയോക്താക്കള്‍ അനുഭവിക്കുന്നത്. ഇതിന് പരിഹാരമെന്ന നിലയ്‌ക്കാണ് കട്ടാകുന്ന കോളുകളുടെ പണം മടക്കി നല്‍കുകയോ അത്രയും സമയം കൂടുതല്‍ അനുവദിക്കുകയോ ചെയ്യാനുള്ള നടപടി. ഫോണ്‍ ഓപ്പറേറ്ററുടെ സേവനത്തിലെ അപാകതയ്‌ക്ക് ഉപയോക്താവിന്റെ കൈയില്‍ നിന്ന് പണം വാങ്ങുന്ന രീതി ശരിയല്ല. ഈ അനീതി പാടെ ഒഴിവാക്കാനാണ് പുതിയ രീതി കൊണ്ടുവരുന്നത്. ടെലികോം മന്ത്രാലയത്തിലെ ഉന്നതന്‍ പറഞ്ഞു.
വിഷയത്തില്‍ ടെലികോം റഗുലേറ്ററി അതോറിറ്റിയെ(ട്രായ്) ഇടപെടുവിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്. മൊബൈല്‍ ടവറുകളുടെ പ്രശ്‌നങ്ങള്‍, സ്‌പെക്ട്രം നല്‍കിയതിലെ അപാകത തുടങ്ങിയവയാണ് കോള്‍ പാതിവഴിക്ക് കട്ടാകാന്‍ കാരണമെന്നാണ് സ്വകാര്യ കമ്പനികളുടെ വാദം. പലയിടങ്ങളിലും ടവറുകള്‍ സ്ഥാപിക്കാന്‍ കടുത്ത എതിര്‍പ്പാണ് നേരിടുന്നത്. ഭാരതി എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഗോപാല്‍ വിഠല്‍ പറഞ്ഞു.
















