ന്യൂദല്‍ഹി: ഡോ.ബി.ആര് അംബേദ്ക്കറിന്റെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യമെങ്ങും ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ആഭ്യന്തര,ധന,വിദേശകാര്യമന്ത്രിമാരും കന്നട കവി ഡോ.സിദ്ധലിംഗ, ഡോ.നരേന്ദ്ര ജാദവ്, മിലിന്ദ് കാംബ്ലെ തുടങ്ങിയ പ്രമുഖരുമുള്‍പ്പെടുന്ന 19 അംഗ കമ്മറ്റിയെ കേന്ദ്രകാബിനറ്റ് ജന്മവാര്ഷികാഘോഷങ്ങളുടെ ചുമതലയ്ക്കായി നിയോഗിച്ചു.
പതിനാറിന പരിപാടികളോടെയാണ് രാജ്യമെങ്ങും ഡോ.അംബേദ്ക്കര്‍ ജയന്തി കേന്ദ്രസര്‍ക്കാര്‍ ആഘോഷിക്കുന്നത്. 125-ാം ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 14 ദേശീയ ബന്ധുത്വ ഭാവ അഥവാ സമരസതാ ദിവസ് എന്ന പേരില്‍ ആഘോഷിക്കും. പുതിയ തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കുന്നതോടൊപ്പം അംബേദ്ക്കറെപ്പറ്റി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കും. ്
ഏപ്രില്‍ 20ന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട, ദല്‍ഹിയില്‍ ആരംഭിക്കുന്ന ഡോ.അംബേദ്ക്കര്‍ അന്താരാഷ്ട്ര കേന്ദ്രത്തിന്റെ നിര്‍മ്മാണം 2017 മാര്‍ച്ചിന് മുമ്പായി പൂര്‍ത്തിയാക്കും. 197 കോടി ചെലവിട്ട് നഗരമധ്യത്തിലെ 15-ാം നമ്പര്‍ ജന്പത് റോഡിലാണ് ആസ്ഥാനം ഉയരുന്നത്. അംബേദ്ക്കര്‍ അവസാന കാലം ചെലവഴിച്ച ദല്‍ഹി അലിപ്പൂരിലെ സ്ഥലത്ത് 99 കോടി രൂപ ചെലവില്‍ അംബേദ്ക്കര്‍ സ്മാരകവും നിര്‍മ്മിക്കും.
അഖിലേന്ത്യാ തലത്തില്‍ അംബേദ്ക്കര്‍ ഉപന്യാസ മത്സരം, അംബേദ്്ക്കറിന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള രണ്ടു നഗരങ്ങളോ പ്രദേശങ്ങളോ പ്രത്യേക പദ്ധതിയില്‍ പെടുത്തി വികസിപ്പിക്കുക, അംബേദ്ക്കര്‍ പഠിച്ച അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റി, ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് എന്നിവിടങ്ങളില്‍ നൂറുവീതം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ്പോടെ പഠനയാത്ര എന്നിവയും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ദേശീയ ഐക്യത്തിനു വേണ്ടിയുള്ള കൂട്ടയോട്ട പരിപാടികള്‍, ഡിജിറ്റല്‍ എക്സിബിഷനുകള്‍, അംബേദ്ക്കറുടെ ജീവചരിത്രം ആസ്പദമാക്കിയുള്ള നാടകങ്ങള്‍, അംബേദ്ക്കറുമായി ബന്ധപ്പെട്ട ബുക്കുകളെല്ലാം ബ്രെയ്ലിയിലേക്ക് മൊഴിമാറ്റുക,വിവിധ ഭാഷകളില്‍ അംബേദ്ക്കറിന്റെ ഓഡിയോ സിഡികള്‍ പുറത്തിറക്കുക, ഹയര്‍ സെക്കന്ററ വിദ്യാര്‍ത്ഥികള്‍ക്കായി മോക്ക് പാര്‍ലമെന്റ്, 2016ലെ റിപ്പബ്ലിക് ദിന പരേഡില്‍ ഡോ. അംബേദ്ക്കറിന്റെ നിശ്ചല ദൃശ്യം ഉള്‍പ്പെടുത്തുക എന്നീ വിവിധ പരിപാടികളാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.
















