ന്യൂദല്‍ഹി:ട്രോളിംഗ് നിരോധനം പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ബാധകമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് നിവേദനം നല്‍കാനെത്തിയ മുഖ്യമന്ത്രിയും നാല് മന്ത്രിമാരും അടങ്ങുന്ന പ്രതിനിധിസംഘത്തോടാണ് പ്രധാനമന്ത്രി കേന്ദ്രനിലപാട് അറിയിച്ചത്.
അതേ സമയം ദേശീയ തലത്തിലുള്ള നിരോധന കാലാവധി 47 ആക്കി ചുരുക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി.
പന്ത്രണ്ട് മുതല്‍ 200 നോട്ടിക്കല്‍മൈല്‍ വരെ നീളുന്ന പ്രദേശത്ത് ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ സമ്പൂര്‍ണ്ണ മത്സ്യബന്ധന നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ്ങും വ്യക്തമാക്കി. വലിയ വള്ളങ്ങളില്‍ യന്ത്രം ഘടിപ്പിച്ച് നടത്തുന്ന മത്സ്യബന്ധനത്തിന് നിരോധനം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ചെറിയ പരിഗണന നല്‍കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തു നടന്ന സര്‍വ്വകക്ഷിയോഗ തീരുമാന പ്രകാരമാണ് കേന്ദ്രമന്ത്രിയെ കണ്ടതെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തില്‍ നിന്നും ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന കേന്ദ്ര തീരുമാനം മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നല്ല പ്രതികരണമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സബ്‌സിഡിയോടു കൂടിയ മണ്ണെണ്ണയുടെ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം പെട്രോളിയം മന്ത്രാലയവുമായി ചര്‍ച്ച ചെയ്യും. കൃഷിനാശം മൂലമുള്ള നഷ്ടപരിഹാരത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്രധനസഹായം വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കാമെന്നും ജൈവകൃഷി വ്യാപനത്തിന് അധിക ധനസഹായമായി 50 കോടി നല്‍കുന്നതു പരിഗണിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. മുയല്‍ കശാപ്പ് നിരോധിച്ച കേന്ദ്ര വന്യജീവി വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവും സംസ്ഥാനം ഉയര്‍ത്തിയിട്ടുണ്ട്.
















