മുംബൈ: മുംബൈ നഴ്‌സ് അരുണ ഷാന്‍ബാഗിനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ ഒളിച്ചു താമസിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കേസിലെ മുഖ്യപ്രതി സോഹന്‍ലാല്‍ ഭര്‍ത്ത വാല്‍മീകിയാണ് യുപിയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. പിങ്കി വിരാനി എന്നലേഖിക എഴുതിയ ഷാന്‍ബാഗിന്റ ജീവചരിത്രത്തിലാണ് മുഖ്യപ്രതി ജീവിച്ചിരിക്കുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. ഇവിടെ ഇയാള്‍ മറ്റൊരു പേരിലും വിലാസത്തിലുമാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഷാന്‍ബാംഗിന് ദയാവധത്തിനുള്ള അനുമതിയ്‌ക്കായി സുപ്രീംകോടതിയെ സമീപിച്ചിരുന്നതായി ആശുപത്രിയിലെ ജീവനക്കാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
അരുണയുടെ മരണത്തിനുശേഷം ഭര്‍ത്ത യുപിയിലെ ഗാസിയാബാദില്‍ ഉള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അങ്ങോട്ടേയ്‌ക്ക് വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ വാല്‍മീകിക്കെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുമെന്ന് മുംബൈ പോലീസ് അറിയിച്ചു. ന്യുമോണിയ ബാധിച്ച് മരിച്ചതിനാല്‍ ഷാന്‍ബാഗിന്റേത് സ്വാഭാവിക മരണമാണെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമോപദേശം തേടുന്നത്. ഈ മാസം 19നാണ് ഷാന്‍ബാഗ് മരിച്ചത്.
















