ന്യൂദല്‍ഹി: റെയില്‍വേയെ ആധുനികവല്‍ക്കരിക്കാനും വികസനത്തിന്റെ പാതയില്‍ എത്തിക്കാനും ലക്ഷ്യംവെച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ രണ്ട് പദ്ധതികള്‍ ആവിഷ്ക്കരിച്ചു. റെയില്‍വേയ്ക്ക് ടെക്നോളജി മിഷന് രൂപീകരിക്കാനാണ് ഒരു പദ്ധതി. റെയില്‍വേയെ ഐടിയുടെ സഹായത്തോടെ മികവുറ്റ സ്ഥാപനമാക്കാന്‍ ഐടി വീക്ഷണ രേഖ തയ്യാറാക്കുകയാണ് രണ്ടാമത്തേത്തത്.
റെയില്‍വേ മന്ത്രാലയം, മനുഷ്യവിഭവശേഷി മന്ത്രാലയം, ശാസ്ത്രസങ്കേതിക മന്ത്രാലയം, വ്യവസായ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് റെയില്‍വേയ്ക്ക് ടെക്നോളജി മിഷന് രൂപീകരിക്കുക. റെയില്‍വേ ആധുനികവല്കരണ പദ്ധതികള്‍ ഈ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് നടപ്പാക്കും. പണം മുടക്കുന്നതും ഈ നാലു മന്ത്രാലയങ്ങള്‍ ചേര്‍ന്നായിരിക്കും.
മിഷന് ഇംപ്ലിമെന്‍േറഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാകും ടെക്നോളജി മിഷന് പ്രവര്‍ത്തിക്കുക.
കാണ്‍പൂര്‍ ഐഐടിമെക്കാനിക്കല് എന്‍ജിനീയറിംഗ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. എന്‍. എസ.് വ്യാസാണ് കമ്മിറ്റി ചെയര്മാന്. റെയില്‍വേ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അലോക് കുമാര്‍ കോ ചെയര്മാന്.
റെയില്‍വേയുടെ നിലവിലുള്ള ഗവേഷണ പദ്ധതികള്‍ ടെക്നോളജി മിഷന് നിരീക്ഷിക്കും. ഗവേഷണങ്ങളിലെ കണ്ടെത്തലുകള്‍ റെയില്‍വേയ്ക്ക് ഉപകാരപ്രദമായി രീതിയില്‍ നടപ്പാക്കും. ഐടി വിഷന്‍ തയ്യാറാക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കുള്ള സേവനം, ചരക്ക് ഗതാഗതം, സ്വത്ത് കൈകാര്യം ചെയ്യല്‍, ട്രെയിന്‍ സര്‍വ്വീസുകള്‍, സുരക്ഷ തുടങ്ങിയവ സംയോജിപ്പിക്കുന്ന കാര്യവും വിഷനിലുണ്ടാകും.
വാരാണസിയില്‍ മാളവ്യ ചെയര്‍
വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ ഐഐടിയില്‍ റെയില്‍വേ ടെക്നോളജി ഗവേഷണത്തിന് മാളവ്യ ചെയര്‍ സ്ഥാപിക്കും. പണ്ഡിറ്റ് മദന്മോഹന് മാളവ്യയുടെ സ്മരണാര്‍ഥമാണിത്. റെയില്‍വേയ്ക്കു വേണ്ടി പുതിയ നിര്‍മ്മാണവസ്തുക്കള്‍ കണ്ടെത്തുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യം. അഞ്ചു കോടി രൂപയാണ് ആദ്യമായി ചെയറിന് വകയിരുത്തിയിരിക്കുന്നത്.
കടലാസ് ടിക്കറ്റിനു പകരം മൊബൈല്‍ ടിക്കറ്റ്
ന്യൂദല്‍ഹി: റെയില്‍വേയുടെ കടലാസ് ടിക്കറ്റ് ഇനി പഴങ്കഥയാകും. മൊബൈലില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ മതിയാകും. ഇതിനുള്ള മൊബൈല്‍ ആപ് തയ്യാറായിവരികയാണ്. ടിടിഇ വരുമ്പോള്‍ മൊബൈലിലെ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും. രാജധാനി, ശതാബ്ദി ട്രെയിനുകളിലാകും ആദ്യം പദ്ധതി നടപ്പാക്കുക. അണ് റിസര്‍വ്ഡ് ടിക്കറ്റുകള്‍കൂടി ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറായി വരികയാണ്. റെയില്‍വേ ഇന്ഫാര്മേഷന് സിസ്റ്റമാണ് ആപ്പ് തയ്യാറാക്കുന്നത്. നിലവില്‍ ചെന്നൈയിലെ എഗ് മൂര്‍, താംബരം സെക് ഷനുകളില്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു.
















