ചണ്ഡിഗഡ്: ചാരപ്രവര്‍ത്തനത്തിനെന്ന് സംശയിക്കുന്ന അതിര്‍ത്തി കടന്നെത്തിയ വെളുത്ത പ്രാവ് പിടിയില്‍. പാക്കിസ്ഥാനില്‍ നിന്നും അതിര്‍ത്തി കടന്ന് പഞ്ചാബിലെ പത്താന്‍കോട്ടില്‍ എത്തിയ പ്രാവാണ് പിടിയിലായത്. പ്രാവിനെ കണ്ടെത്തിയ സംഭവം പഞ്ചാബ് പോലീസിനെയും ഇന്റലിജന്‍സ് ഏജന്‍സികളെയും പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.
അതിക്രമിച്ച് എത്തിയ പ്രാവിന്റെ ശരീരത്തില്‍ ഒരു സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ട്. വയറുപോലുള്ള ഒരു സാധനവും പ്രാവിന്റെ ശരീരത്തില്‍ നിന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സന്ദശം ഉറുദുവിലാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ ലാന്‍ഡ് ലൈന്‍ ടെലിഫോണ്‍ നമ്പര്‍ പാക്കിസ്ഥാനിലെ നരോവാള്‍ ജില്ലയില്‍ നിന്നുള്ളതാണ്.
ജമ്മുവിലും പത്താന്‍കോട്ട് മേഖലയിലും മുജാഹിദീന്‍ ഭീകരര്‍ സജീവമായിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ പഞ്ചാബ് പോലീസിന് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി രണ്ടു ദിവസത്തിന് ശേഷമാണ് ഈ സംഭവമുണ്ടാകുന്നത്.പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരം മാത്രമുള്ള മാന്‍വാല്‍ ഗ്രാമത്തിലെ രമേഷ് ചന്ദ്ര എന്ന് ബാര്‍ബറുടെ വീട്ടിലാണ് പ്രാവ് പറന്നെത്തിയത്.
ബുധനാഴ്ച വൈകിട്ട് 6.30നാണ് സംഭവമുണ്ടായത്. രമേഷ് ചന്ദ്രയുടെ 14 വയസുള്ള മകനാണ് പ്രാവിന്റെ ദേഹത്തെ ഉറുദു ലിപിയും വയറും കണ്ടെത്തിയതിനെതുടര്‍ന്ന് കൂട്ടിലാക്കി തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
പ്രാവിനെ പിന്നീട് പത്താന്‍കോട്ട് മൃഗാശുപത്രിയില്‍ എത്തിച്ച് എക്‌സറേ പരിശോധനയ്‌ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തുവാനായില്ല. എന്നാല്‍ പ്രാവിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് രമേഷ് കൗശല്‍ പറഞ്ഞു.ഇത് അപൂര്‍വ്വമായിട്ടുള്ള ഒരു സംഭവമാണ്.
ഈ മേഖല വളരെ ജാഗ്രത പാലിക്കേണ്ട ഇടമാണ്. ജമ്മുവില്‍ ഇത്തരത്തിലുള്ള നുഴഞ്ഞ് കയറ്റം സാധാരണമാണെന്നും എസ്പി പറഞ്ഞു. ഇത് സംശയകരമായ ചാരപ്രവൃത്തിയാണ്. ബിഎസ്എഫിനും ഐബിക്കും ഇത് സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
പ്രാവിനെ കണ്ടെത്തിയതിന് ശേഷം പഞ്ചാബ് പോലീസിന്റയും സൈന്യത്തിന്റെയും ഒരു സംയുക്ത യോഗം ചേരുകയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഈ മേഖലയിലെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും സംയുക്ത പരിശോധന ശക്തമാക്കുവാനും തീരുമാനിച്ചതായി പഞ്ചാബ് പോലീസ് ഐജി ഈശ്വര്‍ ശര്‍മ്മ പറഞ്ഞു.
















