അഗര്‍ത്തല: ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ സായുധ സേന പ്രത്യേക അധികാര നിയമം (അഫ്‌സ്പ) ത്രിപുര സര്‍ക്കാര്‍ നീക്കം ചെയ്തു. ബുധനാഴ്ച മുഖ്യമന്ത്രി മാണിക് സര്‍ക്കാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 18 വര്‍ഷമായി നിയമം നിലനിന്നു വരികയായിരുന്നു.
ദേശവിരുദ്ധപ്രവര്‍ത്തനം ശക്തമായതിനെ തുടര്‍ന്ന് 1997ലാണ് അഫ്‌സ്പ ഏര്‍പ്പെടുത്തിയത്. അത്തരം പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും അവസാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസുമായും മറ്റു സുരക്ഷാ വിഭാഗങ്ങളുമായും ആലോചിച്ചന് ശേഷമാണു നിയം പിന്‍വലിക്കല്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഫ്‌സ്പ പിന്‍വലിക്കുന്നതായുള്ള തീരുമാനം സംബന്ധിച്ച് ഗസറ്റ് നോട്ടിഫിക്കേഷന്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
1997 ഫെബ്രുവരി 16നാണ് ത്രിപുരയില്‍ അഫ്‌സ്പ നടപ്പിലാക്കിയത്. തുടര്‍ന്ന് ആറ് മാസം കൂടുമ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്തി നിയമപ്രാബല്യം നീട്ടിനല്‍കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് അവസാനമായി നീട്ടിവച്ചത്. കാലാവധി ഈ മാസം അവസാനിക്കും. വിശദമായി ചര്‍ച്ചകള്‍ക്കു ശേഷമാണ് അഫ്‌സ്പ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ ക്രമസമാധാനം സമാധാനപൂര്‍ണമാണ്. സുരക്ഷാ ഏജന്‍സികളും അഫ്‌സ്പ പിന്‍വലിക്കുന്നതിനെ അനുകൂലിച്ചു, സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
നിയമത്തിന്‍ കീഴില്‍ വരുന്ന പ്രദേശങ്ങള്‍ കാലാകാലങ്ങളായി കുറച്ചുകൊണ്ടുവരികയായിരുന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 76 പൊലീസ് സ്‌റ്റേഷനുകളും 36 പൊലീസ് ഔട്ട്‌പോസ്റ്റുകളില്‍ അവസാന സമയത്ത് 26 സ്‌റ്റേഷനുകളുടെയും നാലു സ്‌റ്റേഷനുകളുടെ പ്രാന്തപ്രദേശത്തുമാണ് നിയമം പ്രാബല്യത്തിലുണ്ടായിരുന്നത്.
















