ഇതിനുശേഷം വസിഷ്ഠമഹര്‍ഷി ഹിമവല്‍ പാര്‍ശ്വത്തില്‍ കൈലാസത്തിന്റെ താഴ്‌വരയില്‍ ഹേമജഡന്മാരെന്ന് പ്രസിദ്ധരായ കിരാതന്മാരുടെ രാജാവായ സുരഘുവിന്റെ കഥ പറയാന്‍ തുടങ്ങി. ദേവയോദ്ധാക്കളെപ്പോലും തോല്പിച്ചിട്ടുള്ള ബലശാലിയായ രഘു രക്ഷാശിക്ഷകള്‍ വിധിപ്രകാരം നടത്തി പ്രജാപാലനം നിര്‍വഹിച്ചുവരവേ സുഖദുഃഖങ്ങളെക്കുറിച്ച് ചിന്തിച്ച് വ്യാകുലനായി.
പ്രജകളെ കഠിനമായി ശിക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ താന്‍ ശാസ്ത്രവിധിക്കനുസരിച്ചുള്ള ശിക്ഷാധര്‍മ്മം മാത്രമാണ് നടത്തുന്നതെന്ന സമാധാനവും മനസ്സിലെത്തും. ഇങ്ങിനെ അസ്വസ്ഥ ചിത്തനായി ഇരിക്കുന്ന സമയത്താണ് ഒരു ദിവസം മാണ്ഡവ്യമഹര്‍ഷി രാജധാനിയില്‍ എത്തിയത്. മഹര്‍ഷിയെ യഥോചിതം സ്വാഗതം ചെയ്ത് ആചാരോപചാരങ്ങള്‍ കൊണ്ട് സന്തുഷ്ടനാക്കിയശേഷം താന്‍ നടത്തുന്ന ശിക്ഷാരക്ഷാനടപടികളുടെ ന്യായാന്യായങ്ങളെക്കുറിച്ചോര്‍ത്ത് വ്യാകുലനാകുന്ന തന്റെ മനസ്സിന്റെ ചിന്താബന്ധം അകറ്റിത്തന്ന് തന്നെ അനുഗ്രഹിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു.
അതിന്നു മറുപടിയായി മാണ്ഡവ്യമഹര്‍ഷി സ്വപ്രയത്‌നംകൊണ്ടും ബുദ്ധികൗശലംകൊണ്ടും മനസ്സിന്റെ ചാപല്യങ്ങളെ സ്വയം അകറ്റാമെന്ന് അരുളിച്ചെയ്തു. ഞാനാര്, എങ്ങിനെയുണ്ടായി. ജനനമരണങ്ങള്‍ക്ക് കാരണമെന്ത്? എന്നിങ്ങനെ സ്വയം വിചാരണ ചെയ്ത് മനസ്സിലെ മാലിന്യങ്ങള്‍ തീര്‍ക്കാവുന്നതാണ്. മനസ്സ് ശമത്തെ പ്രാപിക്കുമ്പോള്‍ മനസ്സിന്റെ സത്ത നശിക്കാതെത്തന്നെ ജീവന്മുക്ത വ്യവഹാരക്ഷമത കൈവരുന്നു. സര്‍വവും ത്യജിക്കുന്നതുവരെ ആത്മലാഭം കൈവരുകയില്ല.
സാധാരണ വസ്തുക്കള്‍ തന്നെ സ്വാധീനപ്പെടണമെങ്കില്‍ നാം മറ്റുചിലത് ഉപേക്ഷിച്ചേ പറ്റൂ. അങ്ങിനെ ഉപേക്ഷിച്ചാല്‍ ബാക്കിയാകുന്നത് ആത്മാവാണ്. അതിനാല്‍ സകല കാര്യകാരണ പരമ്പരകളും പ്രാപഞ്ചികവസ്തുക്കളും കുത്തിനിറച്ച് വീര്‍ത്തിരിക്കുന്ന മനസ്സിനെ ഉപേക്ഷിച്ച് ദേഹവാസന നശിപ്പിച്ചാല്‍ ശേഷിക്കുന്ന ശുഭവസ്തു എന്താണോ അതായിത്തന്നെ വര്‍ത്തിക്കുക എന്നുപറഞ്ഞ് മാണ്ഡവ്യന്‍ തിരോധാനം ചെയ്തു.
മാണ്ഡവ്യ മഹര്‍ഷി വിടപറഞ്ഞ ശേഷം ഒരു വിജന സ്ഥലത്തിരുന്ന് സുരഘു ചിന്തിക്കാന്‍ തുടങ്ങി. ഞാനാര്? കൈകാലുകളോടുകൂടിയ ശരീരമാണോ? ദേഹം, രക്തം, മാംസം, അസ്ഥി മുതലായവയുടെ സംയുക്തവും അചേതനവുമാണ്. സത്യത്തില്‍ കൈകാലുകള്‍ തുടങ്ങിയ അവയവങ്ങള്‍ എനിക്കില്ല. അതിനാല്‍ ഞാന്‍ ദേഹമല്ല. കര്‍മ്മേന്ദ്രിയങ്ങളോട് സംബന്ധമില്ലാത്തതിനാല്‍ കര്‍മ്മേന്ദ്രിയങ്ങളും ഞാനല്ല. അസത് രൂപങ്ങളും ജഡവുമായിട്ടുള്ള ബുദ്ധീന്ദ്രിയവുമല്ല. ഈ വിധത്തില്‍ ശരീരമേ ഞാനല്ല. പിന്നെ ആരാണു ഞാന്‍? ഞാന്‍ ശുദ്ധചിത്തനാണ്. ശുദ്ധസാക്ഷിയായ ആത്മാവാണ്. ചിത്തല്ലാതെ ശാശ്വതമായ മറ്റൊന്നില്ല.
അതുകൊണ്ട് ഇനി ഞാന്‍ വാസനകളും, ആശകളും വിഷയഭാവനയും നശിപ്പിച്ച് സ്ഥിരമായ സുഷുപ്തിയിലമര്‍ന്ന് ശമത്തോടുകൂടി സ്വരൂപ സ്ഥിതിയില്‍ വര്‍ത്തിക്കാന്‍ പോകുന്നു. ഇപ്രകാരം തീരുമാനിച്ച് സുരഘു വിവേകാഭ്യാസത്താല്‍ അത്യുല്‍കൃഷ്ട പദത്തെ പ്രാപിച്ചു സമദര്‍ശിയായി വസിച്ചു. ഈ അവസരത്തിലാണ് സുരഘുവും പ്രബുദ്ധനായ പര്‍ണാഭനെന്ന രാജര്‍ഷിയും തമ്മില്‍ ഒരു സംവാദം നടന്നത്.
പരിഘന്‍ എന്ന പേരായ പ്രബലനായ ഒരു രാജാവ് പാഴ്‌സിരാജ്യം ഭരിച്ചിരുന്നു. കിരാതരാജനായ സുരഘുവും പരിഘനും ചങ്ങാതിമാരായിരുന്നു. ഒരിക്കല്‍ പരിഘരാജ്യത്ത് ക്ഷാമംമൂലം അസംഖ്യം പേര്‍ മരിക്കാനിടയായി. ഈ ദു:സ്ഥിതിക്ക് പരിഹാരം കാണാന്‍ കഴിയാത്തമൂലം പരിഘന്‍ രാജ്യമുപേക്ഷിച്ച് വനത്തില്‍ വന്ന് തപോവൃത്തിയില്‍ മുഴുകി. ശുഷ്‌കപര്‍ണ്ണങ്ങള്‍ മാത്രം ഭക്ഷിച്ച് തപസ്സനുഷ്ഠിച്ചതുകൊണ്ട് അദ്ദേഹത്തിന് പര്‍ണ്ണാഭന്‍ എന്ന നാമവും ലഭിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം അഭ്യാസശക്തിയാല്‍ ആത്മപ്രസാദമായ ജ്ഞാനം അന്ത:കരണത്തിലുദിച്ചപ്പോള്‍ ദ്വന്ദഭാവന നീങ്ങി സന്തുഷ്ടനും സമദര്‍ശിയുമായി ഭവിച്ചു. തപസ്സ് സമര്‍പ്പിച്ച് ആനന്ദത്തോടെ സ്വച്ഛന്ദം വിഹരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹം സുരഘുവിനെ കണ്ടുമുട്ടിയത്. പരസ്പരം അഭിവാദ്യം ചെയ്ത് അവര്‍ കുശലപ്രശ്‌നങ്ങളിലേക്ക് കടന്നു.
പര്‍ണ്ണാഭന്‍ സുരഘുവിനോട് പറഞ്ഞു. താങ്കളെപ്പോലെ ജ്ഞാനസമ്പാദനത്തിന് എനിക്കും ഭാഗ്യമുണ്ടായി. ഞാന്‍ കര്‍മ്മങ്ങളെ ആത്മാര്‍പ്പണമാക്കിയിരിക്കുന്നു. താങ്കളും നിത്യപ്രസന്നവും ആത്മജ്ഞാനത്തോടുകൂടിയ മനസ്ഥിതിയോടെയാണല്ലോ കര്‍മ്മങ്ങള്‍ ചെയ്യുന്നത്? അവശ്യകര്‍ത്തവ്യങ്ങളല്ലേ അനുഷ്ഠിക്കുന്നുള്ളു. ശരീരം അധിവ്യാധികളില്ലാതെ സുഖമായിരിക്കുന്നില്ലേ? ഭോഗങ്ങളില്‍ മനസ്സ് മുഴുകാറുണ്ടോ? ശ്രേയസ്‌കരമായ സമാധി ശീലിക്കുന്നുണ്ടല്ലോ?
ഈ ചോദ്യങ്ങള്‍ക്ക് മറുപടിയായി സുരഘു പറഞ്ഞു. മഹാത്മന്‍! സമാധി പ്രത്യേകം ശീലിക്കേണ്ട ആവശ്യമുണ്ടോ? ആത്മജ്ഞാനി മൗനിയായാലും, വ്യവഹാരിയായാലും സമാഹിതനല്ലെ? ആത്മജ്ഞാനി ലോകവ്യാപാരങ്ങളിലേര്‍പ്പെട്ടാലും ആത്മതത്ത്വനിഷ്ഠനായി എപ്പോഴും സമാധിതന്നെ ശീലിക്കുന്നു. പത്മാസനത്തിലിരുന്ന് ബ്രഹ്മാഞ്ജലി ചെയ്യുന്നവനായാലും അവിശ്രാന്ത മനസ്‌കന് സമാധിസാദ്ധ്യമല്ല. ആശാതൃണങ്ങളെ ദഹിപ്പിച്ച് ഉജ്ജ്വലമായി വിളങ്ങുന്ന തത്ത്വബോധമാണ് സമാധി. മൗനം പാലിച്ച് കണ്ണുകളടച്ചിരുന്നാല്‍ അത് സമാധിയാവുകയില്ല. ചിന്തകളും ഭാവനകളും നശിച്ച് വര്‍ജ്യസ്വീകാര്യ ഭാവനയില്ലാതെ വിളങ്ങുന്ന പൂര്‍ണ്ണമായ മനോഗതിയാണ് സമാധി.
ജ്ഞാനിയുടെ ബുദ്ധി ഒരു നിമിഷത്തേക്കുപോലും സ്വരൂപത്തെ വിസ്മരിക്കുകയില്ല. സുഖത്തേയോ ദുഃഖത്തേയോ സ്വല്പംപോലും കണക്കിലെടുക്കാതെ സംദൃഷ്ടികളായി, സമാഹിതബുദ്ധികളായി മഹാന്മാര്‍ വര്‍ത്തിക്കുന്നു.
ഇതുകേട്ട പര്‍ണ്ണാഭന്‍ പറഞ്ഞു. രാജന്‍ അങ്ങ് പ്രബുദ്ധ പദം പ്രാപിച്ചുകഴിഞ്ഞു. നിര്‍മ്മലത, വിശാലത, പരിപൂര്‍ണ്ണത മുതലായ ഗുണങ്ങള്‍ അങ്ങയില്‍ പ്രകാശം പരത്തിക്കഴിഞ്ഞു. അഹങ്കാരാദികള്‍ നശിച്ച അങ്ങ് ഇപ്പോള്‍ ഇഷ്ടാനിഷ്ടങ്ങള്‍ ഭേദിക്കാത്ത സ്വസ്ഥമാനസനായിത്തീര്‍ന്നിരിക്കുന്നു.
ഇത്രയും പറഞ്ഞ് ഒന്ന് നിര്‍ത്തിയശേഷം വസിഷ്ഠ മഹര്‍ഷി തുടര്‍ന്നു. രാമാ, മനസ്സ് വിഷയസുഖങ്ങളെ വിട്ട് സമരസത്തോടെ ആത്മസുഖത്തില്‍ സംതൃപ്തി കൈവരിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന വിശ്രാന്തിരൂപമായ ദൃഷ്ടി സുഖലബ്ധിക്ക് സേവിക്കപ്പെടാന്‍ യോഗ്യമാണ്. അദ്ധ്യാത്മ ചിന്തയോടെ മനസ്സിനെ അന്തര്‍മുഖമാക്കി ആത്മാനുസന്ധാനം ചെയ്യുന്നവരെ ദുഃഖംബാധിക്കുകയില്ല.
.. തുടരും
















