1. സ. ഷഡ്ജം: ഉച്ചരിക്കപ്പെടുന്ന ശബ്ദത്തിനു കാരണമായ വായു നാസിക, കണ്ഠം, ഉരസ്സ്, താലു, ജിഹ്വ, ദന്തം എന്നീ ആറ് ഉച്ചാരണസ്ഥാനങ്ങളില്‍ സ്പര്‍ശിച്ചു പുറത്തുവരുന്നതിനാല്‍ ഈ നാദത്തിനു ഷഡ്ജം എന്നുപേര്. മയിലിന്റെ പോലുള്ള നാദം.
2. രി. ഋഷജം: നാഭി സ്ഥാനത്തുനിന്നു പുറപ്പെടുന്ന വായു ഹൃദയസ്ഥാനത്ത് ഉരുമ്മിക്കൊണ്ടു പുറത്തുവരുമ്പോഴുണ്ടാകുന്ന നാദം. കാളയുടെ ശബ്ദത്തോടുസാമ്യമുള്ളതുകൊണ്ട് ഋഷഭം എന്നപേര്. ചാതകത്തിന്റെ ശബ്ദവും ഋഷഭ ശബ്ദത്തിനുദാഹരണമായി പറയാറുണ്ട്.
3. ഗ. ഗാന്ധാരം: ഗന്ധര്‍വ വിദ്യയിലെ മുഖ്യസ്വരമായതുകൊണ്ട് ഗാന്ധാരം എന്നുപേര്. ഗാന്ധാര ദേശക്കാര്‍ക്കു പ്രിയപ്പെട്ടതായതുകൊണ്ട് ഗാന്ധാരം എന്നുപേരുണ്ടായി എന്നും അഭിപ്രായം. ആടിന്റെ ശബ്ദംപോലെയോ ക്രൗഞ്ചപക്ഷിയുടെ കരച്ചില്‍പോലെയോ ഉള്ള ശബ്ദം.
4. മ. മധ്യമം: ശരീരത്തിന്റെ മധ്യമായ നാഭിയില്‍നിന്നും പുറപ്പെട്ടതെന്നും ഏഴു സ്വരങ്ങളുടെ നടുവിലുള്ളതെന്നും മധ്യമ ശബ്ദത്തെ വ്യാഖ്യാനിക്കാം. ചക്രവാകത്തിന്റെയോ കൊറ്റിയുടെയോ ശബ്ദത്തോടു സാമ്യം.
5. പ. പഞ്ചമം: നാഭി, ഉരസ്സ്, ഹൃദയം, കണ്ഠം, മൂര്‍ദ്ധാവ് എന്നീ അഞ്ചുസ്ഥാനങ്ങളില്‍ തട്ടി പുറത്തുവരുന്നതിനാല്‍ പഞ്ചമം എന്നുപേര്. സപ്തസ്വരങ്ങളില്‍ അഞ്ചാമത്തേതായതുകൊണ്ടും പഞ്ചമം എന്നുപേര്. കുയിലിന്റെ കൂജിതംപോലുള്ള ശബ്ദം.
6. ധ. ധൈവതം: ധീമാന്മാര്‍ക്കുമാത്രം ഗ്രഹിക്കപ്പെടാവുന്നതാകയാല്‍ ഈ പേര്. കുതിരയുടെയും തവളയുടെയും ശബ്ദത്തോടു സാമ്യമുള്ളത്.
7. നി. നിഷാദം: മറ്റു സ്വരങ്ങളെല്ലാം ഈ സ്വരത്തില്‍ അവസാനിക്കുന്നതിനാല്‍ ഒടുവിലത്തേത് എന്നര്‍ത്ഥമുള്ള നിഷാശബ്ദം ഇതിന്റെ പേരായി. കേള്‍വിക്കാരുടെ മനസ്സ് ഇതില്‍ നിഷദിക്കുന്നതുകൊണ്ട് ഈ പേരുണ്ടായി എന്നും പക്ഷം. ആനയുടെ ശബ്ദത്തോടു സാമ്യം.
ഏറ്റവും താഴ്ന്ന സ്ഥായിയില്‍ മന്ദമായി ആരംഭിക്കുന്ന ഷഡ്ജത്തില്‍നിന്ന് ക്രമമായി ഉച്ചത്തിലാകുന്ന നാദം നിഷാദത്തിലെത്തുമ്പോള്‍ ഏറ്റവും ഉച്ചത്തിലാകും.
സപ്തസ്വരങ്ങളുടെ രൂപത്തില്‍ സംഗീതമായി വര്‍ത്തിക്കുന്നതിനാല്‍ മൂകാംബികയെ സപ്തസ്വരാത്മികയായി സ്തുതിക്കുന്നു.
… തുടരും
















