കടപ്ലാമറ്റം: ആഭ്യന്തര വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ സുരക്ഷ പദ്ധതി ഉണ്ടെങ്കിലും കിടങ്ങൂര്‍ – കടപ്ലാമറ്റം – മരങ്ങാട്ടുപള്ളി റോഡിലൂടെ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുന്ന വാഹന യാത്രക്കാര്‍ക്ക് സുരക്ഷയില്ലെന്ന് പരാതി. കോട്ടയം, മണര്‍കാട് മേഖലയില്‍ നിന്ന് എളുപ്പമാര്‍ഗ്ഗം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്താനുള്ള ഏക വഴിയാണ് കിടങ്ങൂര്‍ – അങ്കമാലി കെ.ആര്‍. നാരായണന്‍ സ്മാരക ഹൈവേ റോഡ്. ഇതില്‍ കിടങ്ങൂര്‍ – കടപ്ലാമറ്റം – മരങ്ങാട്ടുപള്ളി ഭാഗങ്ങളില്‍ യാത്രക്കാരുടെ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണംവാങ്ങുന്ന യുവാക്കളുടെ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്നുള്ളതിനു തെളിവാണ് കഴിഞ്ഞ ദിവസം രാത്രി ഇടുക്കി സ്വദേശികളായ പ്രവാസികളായ കുടുംബത്തിന് അനുഭവപ്പെട്ടത്. സംഭവം സംബന്ധിച്ച് പോലീസിന്റെ 1090 ക്രൈം സ്റ്റോപ്പര്‍ നമ്പരില്‍ വിവരം രാത്രി 10.36 ന് അറിയിച്ചപ്പോള്‍ രേഖാമൂലം സി.ഐ. ഓഫീസില്‍ പരാതി നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. 20നും 35നും ഇടയിലുള്ള യുവാക്കളുടെ സംഘമാണ് പിടിച്ചുപറിസംഘത്തില്‍. ഇതില്‍ ഉന്നത കുടുംബത്തില്‍ പെട്ടവരായതുകണ്ട് പ്രതികളെ രക്ഷിക്കുവാന്‍ ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇടപെടലുകള്‍ ഉണ്ടാകാറുള്ളതുകൊണ്ടാണ് പോലീസ് നടപടി സ്വീകരിക്കുവാന്‍ മടിക്കുന്നതെന്നാണ് പ്രദേശ വാസികളുടെ ആരോപണം.
















