പ്രോസിക്യൂഷന്‍ സാക്ഷി കോ – ഓപ്‌ടെക്‌സ് പവര്‍ലൂം സില്‍ക്ക് ഡിവിഷന്‍ മാനേജര്‍ ആര്‍. ചെംഗലവരായന്‍ വസ്ത്രശേഖരം പരിശോധിച്ചതില്‍ 914 സില്‍ക്ക് സാരികളും, 6,195 സെറ്റ് ചുരിദാറുകളും നൈറ്റികളും ഉണ്ടെന്നു സ്ഥിരീകരിച്ചു. ഇവയില്‍ സാരികളുടെ പഴക്കം വ്യക്തമാക്കിയിട്ടില്ല. ശശികലയും, വളര്‍ത്തുമകന്‍ സുധാകരനുമടക്കമുള്ളവര്‍ ജയയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്.
കുറ്റം ആരോപിക്കപ്പെടുന്നവരുടെ വസ്ത്രങ്ങള്‍ വ്യക്തമായി തരംതിരിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല. പതിനെട്ടാം വയസു മുതല്‍ ജയ സിനിമകളില്‍ അഭിനയിക്കുന്നു. നിര്‍മാതാക്കളില്‍നിന്ന് ഇത്തരം വസ്തുക്കള്‍ ധാരാളമായി ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇതു വിലയിരുത്തി ഇവയുടെ മൂല്യം കണക്കാക്കാന്‍ തയാറാകുന്നില്ല.
പാദരക്ഷകളുടെ കാര്യമെടുത്താലും വീട്ടില്‍ നാല് അംഗങ്ങളും, അതിനു പുറമെ ജോലിക്കാരുമുണ്ടെന്നതു കണക്കിലെടുക്കണം. പാദരക്ഷകള്‍ തരംതിരിക്കാനും പ്രോസിക്യൂഷനായിട്ടില്ല. തമിഴ്‌നാട് ലെതര്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ക്വാളിറ്റി കണ്‍ട്രോളര്‍ പാദരക്ഷകള്‍ പരിശോധിച്ചെങ്കിലും, മതിയായ തെളിവല്ല. അതിനാല്‍, ഈ വാദങ്ങളും നിരാകരിക്കുന്നു.
സ്വര്‍ണ- രത്‌ന ആഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍, സ്ഥിരനിക്ഷേപ ഷെയറുകള്‍, ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍, വാഹനങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍, റിസ്റ്റ് വാച്ചുകള്‍ എന്നിവയുടെ മൂല്യം തുടങ്ങിയവ പരിശോധിക്കപ്പെടേണ്ടതാണ്. ഇവ വിലയിരുത്തിയ വിജിലന്‍സ് ആന്റി കറപ്ഷന്‍ വിഭാഗം ഡയറക്റ്ററുടെ റിപ്പോര്‍ട്ട് സ്വീകരിക്കുന്നു.
2,15,00,000 രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വാദം. വളര്‍ത്തുമകന്‍ സുധാകരന്റെ വിവാഹം, ജന്മദിനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും സമ്മാനിച്ചതാണ് ഉപഹാരങ്ങളെന്ന മറുപടി സ്വീകാര്യം. ആദായ നികുതി റിട്ടേണുകളും ജയ സമര്‍പ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നേതാക്കളുടെ ജന്മദിനാഘോഷത്തിന് ഉപഹാരങ്ങള്‍ സമര്‍പ്പിക്കുന്നത് പതിവ്. 77 ലക്ഷം രൂപയുടെ വിദേശ വസ്തുക്കള്‍ ഇക്കൂട്ടത്തിലുണ്ടെന്നും അവര്‍ സമ്മതിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് 1,50,00,000 രൂപയുടെ ഉപഹാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നു കണക്കാക്കാം.
സുധാകരന്റെ വിവാഹത്തിന് മൂന്നു കോടി രൂപ ചെലവായെന്ന വാദവും കോടതി നിരാകരിക്കുന്നു. ഹിന്ദു ആചാരമനുസരിച്ച് വധുവിന്റെ പിതാവും കുടുംബവുമാണ് വിവാഹച്ചെലവുകള്‍ നടത്തുക. വധുവിന്റെ പിതാവിനെ പ്രോസിക്യൂഷന്‍ വേണ്ട വിധത്തില്‍ വിസ്തരിച്ചില്ല.
ചെന്നൈയിലെ വസ്തുക്കള്‍ 20 കോടി രൂപയ്‌ക്ക് വിറ്റുവെന്നതിന് തെളിവില്ല. 6,24,09,120 രൂപയാണ് വിലയായി രേഖപ്പെടുത്തിയിട്ടുള്ളത്. അത് ബാഹ്യ സമ്മര്‍ദം കൊണ്ടെന്നതിനും വ്യക്തതയില്ല.
ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ കൃത്യമായി തെളിയിക്കാനാകില്ല. ശശികലയും സുധാകരനും ജയയ്‌ക്കൊപ്പമാണ് താമസമെന്നതുകൊണ്ട് ഇക്കാര്യം ഉറപ്പിക്കാനാകില്ല.
പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ വിലമതിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും 306 പ്രോപ്പര്‍ട്ടികളും ജയയ്‌ക്കുണ്ട്. ഈ കമ്പനികളെല്ലാം ചേര്‍ന്ന് 24 കോടി രൂപ വായ്‌പയെടുത്തു. ദേശസാത്കൃത ബാങ്കില്‍നിന്ന് വായ്‌പയെടുക്കുന്നത് നിയമവിരുദ്ധമല്ല. ഈ വസ്തുക്കള്‍ക്കെല്ലാം കൂടി 91,34,568 രൂപ മൂല്യമുണ്ടെന്ന് വിജിലന്‍സ് ആന്റി കറപ്ഷന്‍ ഡയറക്റ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഇവയില്‍ ചിലതിന്റെ മൂല്യം കണക്കാക്കുന്നതില്‍ വീഴ്ചയുണ്ടായി.
















