ന്യൂദല്‍ഹി: പത്ത് വര്‍ഷത്തെ യുപിഎ സര്‍ക്കാരിനേക്കാള്‍ മികച്ച പ്രകടനമാണ് പത്ത് മാസത്തെ എന്‍ഡിഎ സര്‍ക്കാരിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
വിദേശരാഷ്‌ട്രങ്ങളുമായുള്ള ബന്ധങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ശക്തമാണിപ്പോള്‍. ലോകരാഷ്‌ട്രങ്ങള്‍ ഭാരതത്തെഅംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ശക്തമായ നിയമനിര്‍മ്മാണം നടത്തി.
എന്‍ഡിഎ സര്‍ക്കാരിന്റെ ഒരുവര്‍ഷത്തേക്കുറിച്ചുള്ള വിലയിരുത്തലായിരുന്നില്ല യോഗത്തിലെ ചര്‍ച്ചയെന്ന് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിന് ശേഷം കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി മാധ്യമങ്ങളോട് പറഞ്ഞു. വിദേശസര്‍ക്കാരുകളുമായി നല്ല ബന്ധം സ്ഥാപിക്കുവാന്‍ സര്‍ക്കാരിനായതായി പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന് മാത്രമാണ് പാക്കിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്തുവാന്‍ സാധിച്ചത്.
അയല്‍രാജ്യങ്ങളായ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സര്‍ക്കാരിനായി. നേപ്പാളിലും മാലദ്വീപിലും പ്രതിസന്ധി ഉണ്ടായപ്പോള്‍ അവരെ സഹായിക്കുവാന്‍ ഭാരത്തിനായി. സഹകരണത്തിലൂടെ ഫെഡറലിസം ശക്തമാക്കുകയും വികസനത്തിനുള്ള പാതതെളിയിക്കുകയും ചെയ്തു. ഇതിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുവാന്‍ സര്‍ക്കാരിനായി.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. പാവപ്പെട്ടവര്‍ക്ക് സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തുകയും സമൂഹത്തിലെ അവശതയനുഭവിക്കുന്നവര്‍ക്ക് ഭരണത്തില്‍ സുധാര്യത ഉറപ്പുവരുത്തുകയും ചെയ്തു. എല്ലാ എംപിമാരും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍വേണ്ട പ്രചാരണങ്ങള്‍ ഒന്നാം വാര്‍ഷികാഘോഷവേളയില്‍ നടത്തണമെന്നും തീരുമാനിച്ചു.
കേന്ദ്രമന്ത്രിമാര്‍ എംപിമാര്‍ മറ്റ് ഭാരവാഹികള്‍ എല്ലാംതന്നെ സര്‍ക്കാരിന്റെ നേട്ടങ്ങളുമായി രാജ്യത്തുടനീളം പ്രചാരണം നടത്തും. മെയ് 26 മുതല്‍ ജൂണ്‍വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ‘ജന്‍ കല്യാണ്‍ പര്‍വ്വ്’ ആയി ആഘോഷിക്കും. മോദിയുടെ കീഴില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
















