കൊല്‍ക്കത്ത :പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ കൊക്കത്തയിലെ ബേലൂര്‍ മഠം സന്ദര്‍ശിച്ചു. സ്വാമി വിവേകാനന്ദന്റെ മെതിയടികള്‍ക്കു സമീപം ഇരുന്ന മോദി അല്‍പ്പനേരം ആ മഹാപുരുഷന്റെ സ്മരണയില്‍ ധ്യാനിച്ചു. സ്വാമി വിവേകാനന്ദന്റെ മുറിയില്‍ പതിനഞ്ചുമിനിറ്റോളം ചെലവിട്ട അദ്ദേഹം വികാരാധീനനയാിരുന്നു.
നേരത്തെ അദ്ദേഹം ദക്ഷിണേശ്വറിലെ കാളിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, ആരതിയില്‍ പങ്കുകൊണ്ടു.ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന ആദ്യപ്രധാനമന്ത്രിയാണ് മോദി. ശ്രീരാമകൃഷ്ണ പരമഹംസര്‍ സ്ഥിരം ആരാധന നടത്തിയിരുന്ന ക്ഷേത്രമാണ് ദക്ഷിണേശ്വറിലെ കാളിക്ഷേത്രം.രാവിലെ എട്ടുമണിയോടെ ക്ഷേത്രത്തില്‍ എത്തിയ മോദി ആദ്യം ശ്രീകോവിലിലേക്കാണ് പോയത്. അവിടെ കാളീപാദിത്തില്‍ തന്റെ പേന സമര്‍പ്പിച്ച മോദി ദേവീവിഗ്രഹത്തിന്റെ പാദം തൊട്ടുവണങ്ങി. തുടര്‍ന്ന് ദീപാരാധന നടത്തി.
ശ്രീകോവിലില്‍നിന്ന് പുറത്തുകടന്ന അദ്ദേഹം ശ്രീരാമകൃഷ്ണ പരമഹംസര്‍ കിടന്നിരുന്ന കട്ടിലില്‍ തൊട്ടുവന്ദിച്ചു, പ്രാര്‍ഥിച്ചു. തുടര്‍ന്ന് സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പുവച്ചു.ക്ഷേത്ര സമുച്ചയത്തിലെ ലൈബ്രറിയും അദ്ദേഹം സന്ദര്‍ശിച്ചു.
ക്ഷേത്ര അധികൃതര്‍ മോദിക്ക് ദേവീവിഗ്രഹത്തിന്റെ ചിത്രവും പ്രസാദവും അശോകസ്തംഭത്തിന്റെ രൂപവും സ്വാമി വിവേകാന്ദന്റെ ചെറിയ പ്രതിമയും നല്‍കി.
ദക്ഷിണേശ്വറില്‍ നിന്നാണ് മോദി ബേലൂര്‍ മഠത്തിലേക്ക് പോയത്.ശനിയാഴ്ച വൈകിട്ട് മോദി രാമകൃഷ്ണ മിഷന്‍ സേവാപ്രതിഷ്ഠാന്‍ ആശുപത്രി സന്ദര്‍ശിച്ചു. അവിടെ ശയ്യാവലംബിയായ, തന്റെ ഗുരുവും ശ്രീരാമകൃഷ്ണ മിഷന്‍ പ്രസിഡന്റുമായ സ്വാമി ആത്മസ്ഥാനാനന്ദയെ സന്ദര്‍ശിച്ചിരുന്നു.അവിടെ പതിനഞ്ചു മിനിട്ടോളം ചെലവിട്ട മോദി ഗുരുവുമായി അല്‍പ്പനേരം ഗുജറാത്തിയില്‍ സംവദിക്കുകയും ചെയ്തു. സന്യാസിയാകാനുള്ള മോദിയുടെ പദ്ധതിയെ തിരിച്ചുവിടുകയും ലൗകികജീവിതത്തിലേക്ക് മടക്കിഅയക്കുകയും ചെയ്തയാളാണ് സ്വാമി ആത്മസ്ഥാനാനന്ദ.
പിന്നീട് ബേണ്‍പൂരിലെ സ്റ്റീല്‍ പഌന്റ് സന്ദര്‍ശിച്ച അദ്ദേഹം ഫാക്ടറിയിലെ നവീകരിച്ച പഌന്റ് രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു.

















