ന്യൂദല്‍ഹി: ഏതാനും നൂറ്റാണ്ടുകള്‍ക്കിടെ ലോകം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭയാനകമായ ഭൂചലനം ഉത്തരാഖണ്ഡില്‍ ഉണ്ടായേക്കാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പത്തു കോടിയിലേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
സംസ്ഥാനം സ്ഥിതിചെയ്യുന്ന ഭൗമപാളിക്കു താഴെ 700 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു കേടുപാടുണ്ട്. അത് പൊട്ടിത്തെറിക്കുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഭാരത ആസ്‌ട്രേലിയന്‍ വിദഗ്ധ സംഘം ചൂണ്ടിക്കാട്ടി.ഭാഗീരഥി, അളകനന്ദ, കാളി നദീതടങ്ങളും ചുറ്റുപാടുകളും വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയശേഷമാണ് സംഘം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭീതി ജനിപ്പിക്കാനല്ല, ദുരന്തം ഒഴിവാക്കാനാണ് മുന്നറിയിപ്പ്.
മുന്നറിയിപ്പ് പ്രകാരം മുന്‍കരുതലുകള്‍ കൈക്കൊണ്ടു തുടങ്ങിയാല്‍ വലിയ ആള്‍നാശം ഒഴിവാക്കാന്‍ കഴിയും, അവര്‍ പറയുന്നു. ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ പഴയതും പുതിയതുമായ ഡേറ്റാ വിശകലനം ചെയ്ത് ഭൂചലനം പ്രവചിക്കാന്‍ കഴിയും, അവര്‍ പറഞ്ഞു.
പരസ്പരം കൂട്ടിയിടിക്കുന്ന രണ്ട് ഭൂഖണ്ഡപാളികളുടെ വക്കത്താണ് ഉത്തരാഖണ്ഡ് ഇപ്പോള്‍ സ്ഥിതിചെയ്യുന്നത്. അതിനാല്‍ വലിയൊരു ഭൂചലനത്തിന് വളരെയേറെ സാധ്യതയുണ്ട്,സംഘം പറയുന്നു. ഉത്തരാഖണ്ഡിനു താഴെ ഒഴുകിനീങ്ങുന്ന പാളിയില്‍ വലിയ വിള്ളല്‍ വീഴാനും സാധ്യതയുണ്ട്. ബെംഗളൂരിലെ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്‌വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ഡോ. സിപി രാജേന്ദ്രന്‍ പറഞ്ഞു.
















