മുംബൈ: അധികാരത്തിലെത്തി ഒരു വര്‍ഷത്തിലേക്കടുക്കുമ്പോള്‍ തന്നെ രാജ്യത്തെ അഴിമതി തടയാന്‍ എന്‍ഡിഎ സര്‍ക്കാരിന് സാധിച്ചത് മികച്ച നേട്ടമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ഭാരതത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ നിന്നും അഴിമതിയെന്ന വാക്കിനെ നീക്കംചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തെ നൂറോളം അഴിമതികളാണ് പുറത്തുവന്നിട്ടുള്ളത്. ഇത്തരം ആരോപണങ്ങളില്‍ നിന്നും എന്‍ഡിഎ ഭരണത്തെ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് മോദി പ്രാധാന്യം നല്‍കിയിട്ടുള്ളത്.
നോര്‍ത്ത് സൗത്ത് ബ്ലോക്കിലെ എല്ലാ മന്ത്രാലയങ്ങളും കോര്‍പ്പറേറ്റുകളില്‍ നിന്നും കൈക്കൂലി കൈപ്പറ്റാതെയാണ് പ്രവര്‍ത്തിച്ചത്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതി വീരന്മാരെ പേരെടുത്തു പറയാതെ തന്നെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രസംഗം. നരേന്ദ്ര മോദി മന്ത്രിസഭയിലെ ഏറ്റവും ശക്തനായ നേതാക്കളിലൊരാളാണ് ജെയ്റ്റ്‌ലി. സാമ്പത്തിക രംഗത്ത് ഭാരതത്തിനു നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനാണ് ഒരുവര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ പരിശ്രമം. ഇതിലൂടെ രാജ്യത്തെ വ്യാപാര രംഗത്തും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.
അതേസമയം രാജ്യത്തിന്റ വളര്‍ച്ചയില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചില്ലെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തിന് 10നുമുകളില്‍ വളര്‍ച്ച നേടാനുള്ള കഴിവുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ 7.5ശതമാനം വളര്‍ച്ച കൈവരിക്കാന്‍ മാത്രമാണ് സാധിച്ചത്. ഇതില്‍ നിരാശയുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ രാജ്യത്ത് ഏകീകൃത ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തുകവഴി പരോക്ഷ നികുതി രാജ്യത്ത് ഒഴിവാക്കാനായതും മികച്ച നേട്ടങ്ങളിലൊന്നാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണത്തിനുശേഷം 2014 മെയ് 26നാണ് എന്‍ഡിഎ അധികാരത്തിലെത്തിയത്.
















