ബസ്തര്‍: ബസ്തറിലെ ഗ്രാമീണരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലില്ലായ്‌മ പരിഹരിക്കുമെന്നും ആയുധമെടുത്ത് ഒരു പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചത്തീസ്ഗഡിലെ ബസ്തറില്‍ ഇരുമ്പുരുക്കു ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മോദി. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ ബസ്തറില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി എത്തുന്നത്. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ബസ്തറില്‍ മാവോയിസ്റ്റുകള്‍ ബന്ദിനാഹ്വാനം ചെയ്തിരുന്നു. പരിപാടി ബഹിഷ്‌ക്കരിക്കണമെന്നും മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
മാവോയിസ്റ്റ് സ്വാധീനമേഖലകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബസ്തറിലെത്തിയത്. രാവിലെ ദന്തേവാഡയിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി രമണ്‍സിംഗ് സ്വീകരിച്ചു. 24,000 കോടി രൂപയുടെ രണ്ട് പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്യുക. ദന്തേവാഡയിലെ ദില്‍മിലി ജില്ലയില്‍ സ്റ്റീല്‍ പ്ളാന്റും റാവോഘട്ടില്‍ നിന്ന് ജഗ്‌ദല്‍പൂരിലേക്കുള്ള 140 കിലോമീറ്റര്‍ നീളുന്ന റെയില്‍വേയുടെ രണ്ടാം ഘട്ട ലൈനുമാണ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്.
പ്രധാനമന്ത്രിയായി ഒരു വര്‍ഷം തികയ്‌ക്കുന്ന വേളയിലാണ് മോദി ഛത്തീസ്ഗഡില്‍ സന്ദര്‍ശനം നടത്തുന്നത്. ദന്തേവാഡയിലെ എജ്യൂക്കേഷന്‍ സിറ്റിയും ലൈവ്‌ലി ഹുഡ് വില്ലേജും മോദി സന്ദര്‍ശിക്കും. നൂറ് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വിദ്യാഭ്യാസ സിറ്റിയില്‍ താമസസൗകര്യത്തിനും ക്ലാസ്മുറികള്‍ക്കുമായി ഏതാണ്ട് 120 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ദാരിദ്രാവസ്ഥയില്‍ കഷ്ടപ്പെടുന്ന അയ്യായിരം കുട്ടികള്‍ക്കെങ്കിലും ഓരോ വര്‍ഷവും പ്രവേശനം നല്‍കുവാന്‍ സാധിക്കും.
ധാതുലവണങ്ങളുടെ വലിയ ശേഖരമാണ് ഈ ജില്ലയിലുള്ളത്. ഒരുകാലത്ത് നക്‌സല്‍ ആക്രമണങ്ങളുടെ കേളീരംഗമായിരുന്നു ഇവിടം. ഓരോ വര്‍ഷവും മൂന്ന് മില്യണ്‍ ടണ്‍ കപ്പാസിറ്റിയുള്ള ഈ സ്റ്റീല്‍ പ്ലാന്റിന്റെ എംഒയുവും ഒപ്പ് വെയ്‌ക്കും. 18000 കോടി രൂപയുടെ നേരിട്ടുള്ള നിക്ഷേപമാണ് ഈ പദ്ധതിയിലുള്ളത്. പതിനായിരം പേര്‍ക്ക് നേരിട്ടും അല്ലാതെയും ഇതിലൂടെ തൊഴില്‍ ലഭിക്കും.
24000 കോടിയുടെ പദ്ധതിയാണ് 140 കിലോമീറ്റര്‍ വരുന്ന റെയില്‍ ലിങ്കിന്റെത്. പ്രധാനപ്പെട്ട ബസ്തര്‍ നഗരത്തെ റായ്‌പൂര്‍, ബിലാസ്പൂര്‍, ദുര്‍ഗ് എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ഈ റെയില്‍വേ ലൈന്‍. ഇരുമ്പ് ഉരുക്ക് വ്യവസായ മേഖലയിലേക്ക് വളരെ എളുപ്പത്തില്‍ ഈ റെയില്‍ ലിങ്കിലൂടെ എത്താനാകും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ മാവോയിസ്റ്റുകള്‍ ശക്തമായ പ്രതിഷേധമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് മരങ്ങള്‍ മുറിച്ചിട്ട് റോഡ് ഗതാഗതം മാവോയിസ്റ്റുകള്‍ തടഞ്ഞിരുന്നു. മോദിയുടേയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റേയും കോലം കത്തിക്കുകയും ഇരുവര്‍ക്കുമെതിരെ പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു.
















