ഛണ്ഡീഗഡ്: ആംആദ്മി പാര്‍ട്ടി ഹരിയാന നേതൃത്വത്തിന്റെ ചുമതല നരേഷ് ബല്യാണിനു നല്‍കിയതില്‍ പ്രതിക്ഷേധിച്ച് പാര്‍ട്ടിയില്‍ കൂട്ടരാജി. ആപ് പാര്‍ലമെന്ററി അഫയേഴ്‌സ് കമ്മിറ്റി അംഗങ്ങളായ ഏഴുപേരാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രവര്‍ത്തനങ്ങളുടെ ചുമതല ബല്യാണിനു നല്‍കുന്നതില്‍ പ്രതിഷേധിച്ച് രാജിവെയ്‌ക്കുന്നത്.
യോഗേഷ് യാദവാണ് ഇതിനുമുമ്പ് ഹരിയാന നേതൃത്വത്തിന്റെ ചുമതല വഹിച്ചിരുന്നത്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയശേഷം ഈ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബല്യാണിനെ നിയോഗിച്ചത്.
അതേസമയം ഇവര്‍ രാജിവെച്ചൊഴിഞ്ഞതല്ലെന്നും പ്രവര്‍ത്തനം തൃപ്തികരമല്ലാത്തതിനാല്‍ ഏഴുപേരേയും പാര്‍ട്ടി നേരത്തെ തന്നെ പിരിച്ചുവിട്ടതാണ്. മുന്‍ എഎപി പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവിന്റെ കൊരങ്ങന്മാരാണ് ഇവരെന്നും ആപ് ദേശീയ കണ്‍വീനര്‍ നവീന്‍ ജെയ്ഹിന്ദ് അറിയിച്ചു.
ആപ് ഹരിയാന ഘടകത്തിന് നേതൃത്വം നല്‍കുന്നതിനായി സ്വതന്ത്ര ചുമതല നല്‍കിക്കൊണ്ടാണ് എഎപി ബല്യാണിനെ നിയമിച്ചിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് പ്രവര്‍ത്തകരെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. മാധ്യമങ്ങളിലൂടെയാണ് എഎപി ഹരിയാന നേതൃത്വത്തിലെ അഴിച്ചുപണി പ്രവര്‍ത്തകര്‍ അറിഞ്ഞത്.
അതിനിടെ ആപ് സെക്രട്ടറി പരംജീത് സിംങ്, പാര്‍ട്ടി വക്താവ് രാജീവ് ഗോദ്ര എന്നിവരും ഇതിനെതിരെ പരസ്യമായി പ്രസ്താവന നടത്തി. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ബല്യാണ്‍ 8000 മദ്യക്കുപ്പികളുടെ പെട്ടി സൂക്ഷിച്ചിരുന്നതായും ഇരുവരും അരോപിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ നരേഷ് ബല്യാണിനു ക്ലീന്‍ചിറ്റ് നിലനില്‍ക്കുന്നതിനാലാണ് ഹരിയാനയുടെ നേതൃപദവി നല്‍കുന്നതെന്നും അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു.
















