ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിക്കേസില്‍ വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ നവീന്‍ ജിന്‍ഡാല്‍ ഹാജരാകാന്‍ പ്രത്യേക സിബിഐ കോടതി നിര്‍ദ്ദേശം. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡ, മുന്‍ മന്ത്രി ദാസരി നാരായണ്‍ റാവു, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്. സി ഗുപ്ത എന്നിവരുള്‍പ്പടെ 15 പേരോട് കേസ് വിചാരണയ്‌ക്കായി പരിഗണിക്കുന്ന മെയ് 22ന് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഝാര്‍ഖണ്ഡിലെ മുര്‍ഗാധങ്കല്‍ കല്‍ക്കരി ഇടപാടില്‍ ജിന്‍ഡാല്‍ സ്റ്റീല്‍സ് ക്രമക്കേട് നടത്തിയതായി കാണിച്ചാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തരിക്കുന്നത്. ഇതിലൂടെ 1.86 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായാണ് സിബിഐ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. 15 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഐപിസി സെക്ഷന്‍ 120 ബി(കുറ്റകരമായ ഗൂഢാലോചന), 420(ചതി) 409 (പൊതു സേവകരുടെ കുറ്റകരമായ ദുര്‍നടത്തം) എന്നീ വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2012ലാണ് കല്‍ക്കരി അഴിമതിക്കേസ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോടും ഹാജരാകാന്‍ പ്രത്യേക കോടതി നിര്‍ദ്ദേശിച്ചിരുന്നു. 1993നു ശേഷം നടന്ന കല്‍ക്കരി ഖനനാനുമതിയില്‍ 300 എണ്ണം നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി കഴിഞ്ഞവര്‍ഷം ഉത്തരവിട്ടിരുന്നു.
















