തുരുത്തി: ഇച്ഛാശക്തിയും കഴിവുമുള്ള ഒരു ഭരണ നേതൃത്വമാണ് കേരളത്തിനാവശ്യമെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാക്യഷ്ണന്‍. ഇടതുമുക്ത വലതുമുക്ത കേരള രാഷ്‌ട്രീയത്തിനുവേണ്ടി അഴിമതിക്കെതിരെ ആരംഭിച്ച രാഷ്‌ട്രീയപ്രചരണജാഥയ്‌ക്ക് തുരുത്തിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുവലതുഭരണം ഒരു സഹകരണമുന്നണിയായിട്ടാണ് പോകുന്നത്. കേരളത്തില്‍ വെള്ളമുണ്ട്, വെളിച്ചമില്ല, ഭൂമിയുണ്ട്, കൃഷിയില്ല. കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റിയ ഒരു ഭരണനേതൃത്വം ഇവിടെ നമുക്ക് വേണം. കേരളം വ്യാവസായികവളര്‍ച്ചയിലും പൂജ്യത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ എം.ബി രാജഗോപാല്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. വാഴപ്പള്ളി പഞ്ചായത്ത് അദ്ധ്യക്ഷന്‍ ബിജു മങ്ങാട്ടുമഠത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ മേടക്കല്‍, ജില്ലാജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്‌കൂമാര്‍,ജില്ലാസെക്രട്ടറി എം.പി കൃഷ്ണകുമാര്‍, പി. സുരേന്ദ്രനാഥ്, എം.പി. രവി, മനീഷ് മൂലയില്‍, ഗോപാലക്യഷ്ണന്‍ വെള്ളയ്‌ക്കല്‍, ചിന്തുകുമാര്‍ ചീരംചിറ തുടങ്ങിയവര്‍ സംസാരിച്ചു.
















