കറുകച്ചാല്‍: നെടുംകുന്നം പഞ്ചായത്തിലെ കൊഴുങ്ങാലൂര്‍ ചിറക്കു സമീപമുള്ള തോടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. ഇവിടെയുള്ള തടയണക്കു ബലമേകുന്നതിനു വേണ്ടിയാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്. 15 ലക്ഷത്തോളം രൂപയാണ് ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ തടയണയും തോടിന്റെ സംരക്ഷണ ഭിത്തിയും നിര്‍മ്മിച്ചത്. മഴക്കാലത്ത് ശക്തമായ വെള്ളപ്പാച്ചിലുള്ള ഈ മാന്തുരുത്തി തോട്ടില്‍ വാനം നിര്‍മ്മിക്കാതെ തോടിന്റെ തറ നിരപ്പില്‍ കല്ലുകള്‍ അടുക്കി ഭിത്തി നിര്‍മ്മിച്ചത്. ഇതിനാവശ്യമായ ഉറപ്പില്ലായിരുന്നു എന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കൊഴുങ്ങാലൂര്‍ ചിറയിലെ വെള്ളം ഉപയോഗിച്ച് വിവിധ ജലവിതരണ പദ്ധതികള്‍ക്കാവശ്യമായ ജലം വേനല്‍ക്കാലത്തും ചിറയില്‍ ലഭ്യമാകണം എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. നിര്‍മ്മാണത്തിലുള്ള അപാകതയാണ് ദിവസങ്ങള്‍ക്കകം തകരാന്‍ കാരണം. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു കരാറുകാരന്റെ ചെലവില്‍ തന്നെ തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍ നിര്‍മ്മിക്കുമെന്നും ജില്ലാപഞ്ചായത്തംഗം ഉഷാവിജയന്‍ അറിയിച്ചു.
















