ന്യൂദല്‍ഹി: മൂന്നു ദശാബ്ദത്തിന്റെ കാത്തിരിപ്പിനുശേഷം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ സൈന്യത്തിനു കൈമാറി. 25 കിലോമീറ്റര്‍ പരിധിയില്‍ ഹെലികോപ്ടറുകള്‍, എയര്‍ ക്രാഫ്റ്റ്, ഡ്രോണുകള്‍ എന്നിവയെ പ്രതിരോധിക്കത്തക്ക ശേഷിയുള്ളതാണ് ഈ മിസൈലുകള്‍. ഡിഫന്‍സ് റിസര്‍ച്് ആന്‍ഡ് ഡവലപ്‌മെന്റിന്റെ (ഡിആര്‍ഡിഒ) നേതൃത്വത്തിലാണ് ഇത് വികസിപ്പിച്ചെടുത്തത്.
ആകാശ് മിസൈലിന്റെ വരവോടെ കര വായുസേനയുടെ ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് സേനാതലവന്‍ ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് അറിയിച്ചു. ഉപരിതലത്തില്‍നിന്നും ആകാശത്തേക്ക്് വിടാന്‍ സാധിക്കുന്ന ആകാശിന്റെ 96 ശതമാനവും ഭാരതത്തില്‍ ഗവേഷണം ചെയ്ത് വികസിപ്പിച്ചെടുത്തിട്ടുള്ളവയാണ്. ഭാരതത്തിന്റെ പശ്ചിമ അതിര്‍ത്തിയുടെ സുരക്ഷയ്‌ക്കായി ഇതിനെ ഉപയോഗപ്പെടുത്തുന്നതാണ്. ഇതിനായി രണ്ട് റജിമെന്റുകളേയും ആറ് ഫയറിങ് ബാറ്ററികളും കരസേന തയ്യാറാക്കും. ആദ്യബാച്ച് 2016 ആവസാനത്തോടെ പരിശീലനം പൂര്‍ത്തിയാക്കും. 19,500 കോടിയാണ് ആകാശിന്റെ മൊത്തം നിര്‍മ്മാണച്ചെലവ്.
ആകാശിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വായുസേനയ്‌ക്ക് നേരത്തെ തന്നെ പരിശീലനം ലഭിച്ചിട്ടുള്ളതാണ്. വാഹനങ്ങള്‍ ഉപോഗിച്ച് ചലിപ്പിക്കാന്‍ സാധിക്കുന്ന പതിപ്പാണ് കരസേനയ്‌ക്കായി തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഓപ്പറേഷനുകള്‍ക്കായി ഇത് ആനായാസം ഉപയോഗിക്കാമെന്നും ആകാശ് പ്രൊജക്ട് ഡയറക്ടര്‍ ജി.ചന്ദ്രമൗലി അറിയിച്ചു. 1984ല്‍ ഡിആര്‍ഡിഒ തുടക്കം കുറിച്ച ആഞ്ച് പദ്ധതികളില്‍ ഒന്നാണ് ആകാശ്.
















