പാലക്കാട്: ഒരു കണ്ണിനു മാത്രം കാഴ്ചയുള്ളവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനാവശ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയാണെന്ന പരാതിയില്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ (ജുഡീഷ്യല്‍) അംഗം ആര്‍. നടരാജന്‍ ഗതാഗത സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
പാലക്കാട് വട്ടമണ്ണപുരം സ്വദേശി ജിജീഷ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ ഒരു കണ്ണിന് ഭാഗികമായി അന്ധതയുണ്ട്. ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് സമീപിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ നല്‍കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.
കമ്മീഷന്‍ പാലക്കാട് ആര്‍.റ്റി.ഒയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ലൈസന്‍സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും രജിസ്റ്റേഡ് ഒപ്താല്‍മോളജിസ്റ്റ് നല്‍കുന്ന കാഴ്ച സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണമെന്ന് ആര്‍.റ്റി.ഒ അറിയിച്ചു.
ഒരു കണ്ണിന് മാത്രം കാഴ്ചയുള്ള പരാതിക്കാരന് അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയാണെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ തടസ്സമില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
എന്നാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കണമെങ്കില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടി വരുമെന്നും കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍ ഉത്തരവില്‍ നിരീക്ഷിച്ചതായി കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
















