ടെക്‌സാസ്: ടെക്‌സാസില്‍ കാര്‍ട്ടൂണ്‍ മത്സരത്തിനിടെ അജ്ഞാതരുടെ വെടിവെയ്‌പ്പ്. രണ്ട് അക്രമികളെ പൊലീസ് വെടിവച്ചു കൊന്നു. ഞായറാഴ്ച രാത്രി അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവിന്റെ ആഭിമുഖ്യത്തില്‍ ടെക്‌സാസ് പട്ടണത്തിലെ ഗാര്‍ലാന്റില്‍ നടന്ന മുഹമ്മദ് ആര്‍ട്ട് എക്‌സ്ഹിബിറ്റ് ആന്റ് കാര്‍ട്ടൂണ്‍ കോണ്ടസ്റ്റ്” മത്സരത്തിനിടെയാണ് സംഭവം.
പ്രവാചകനായ മുഹമ്മദിന്റെ കാരിക്കേച്ചറുകള്‍ വരയ്‌ക്കുന്ന മത്സരമായിരുന്നു അവിടെ നടന്നു കൊണ്ടിരുന്നത്. മികച്ച കാര്‍ട്ടൂണ്‍ വരയ്‌ക്കുന്ന വ്യക്തിക്ക് 636400 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. മത്സരത്തിനിടെ കാറിലെത്തിയ രണ്ട് പേര്‍ പാര്‍ക്കിംഗ് സ്ഥലത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഗാര്‍ലാന്റ് മേയര്‍ ഡൗഗ്ലസ് അത്താസ് പറഞ്ഞു.
കാലില്‍ വെടിയേറ്റ ഒരു സുരക്ഷാ ഗാര്‍ഡിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പിനെ തുടര്‍ന്ന് സ്ഥലത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയും ബോംബ്‌സ്‌ക്വാഡെത്തി പ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധന നടത്തുകയും ചെയ്തു. ഇത് സ്വാതന്ത്രത്തിനെതിരെയുള്ള യുദ്ധമാണെന്ന് പറഞ്ഞ അമേരിക്കന്‍ ഫ്രീഡം ഡിഫന്‍സ് ഇനിഷ്യേറ്റീവിലെ പമീല ജെന്നര്‍ ഈ ഭീകരര്‍ക്ക് മുന്നില്‍ നമ്മള്‍ കീഴടങ്ങണോ എന്നും ചോദിച്ചു.
ജനുവരി 12ന് പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പാരീസിലെ ചാര്‍ലി ഹെബ്ദോ എന്ന മാദ്ധ്യമ സ്ഥാപനത്തിന് നേരെ ആക്രമണം ഉണ്ടാവുകയും എട്ട് മാദ്ധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 12 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
















