484. ധര്‍മ്മാര്‍ത്ഥകാമമോക്ഷാണാം സ്വാമിനീ – ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവ നാലുതരം പുരുഷാര്‍ത്ഥങ്ങള്‍. പുരുഷാര്‍ത്ഥങ്ങള്‍ നേടലാണു ജീവിതലക്ഷ്യം. ഈ നാലിന്റെയും സ്വാമിനി എന്നു ദേവിയെ സ്തുതിക്കുമ്പോള്‍ ദേവീകാരുണ്യം കൊണ്ടേ ഇവ നേടാനാകൂ എന്നു മനസ്സിലാക്കണം. സ്വാമിനിയുടെ ആജ്ഞ അനുസരിച്ചാണു ഭൃത്യര്‍ പെരുമാറുന്നത്. മൂകാംബികാദേവിയെ ആശ്രയിക്കുന്ന ഭക്തര്‍ക്ക് ധര്‍മ്മവും അര്‍ത്ഥവും കാമവും മോക്ഷവും ഒരു ക്ലേശവും കൂടാതെ ലഭിക്കും.
485. സദാശ്രയാ – സത്തുക്കള്‍ക്ക് ആശ്രയമായവള്‍. മറ്റു മനുഷ്യര്‍ക്കും ജീവികള്‍ക്കും ദ്രോഹം ചെയ്യാതെ ധര്‍മ്മാനുസൃതമായി ജീവിക്കുന്നവര്‍ സത്തുക്കള്‍. ആ സത്തുക്കള്‍ക്ക് ആശ്രയമായവള്‍. അങ്ങനെയുള്ളവരെല്ലാം ദേവീഭക്തരാകണമെന്നില്ല. നല്ലതു ചെയ്യുന്നവരെയെല്ലാം ദേവി കാരുണ്യത്തോടെ സംരക്ഷിക്കും.
486. ഭവാനീ – ഭവന്‍ ശിവന്‍. ശിവപത്‌നിയായതുകൊണ്ട് ദേവിക്ക് ഭവാനീ എന്നുപേര് എന്നു ഒരു വ്യാഖ്യാനം.
ഭവന്‍ എന്ന പദത്തിന് കാമദേവന്‍ എന്നും അര്‍ത്ഥം. കാമനെ ജീവിപ്പിച്ചവളായതുകൊണ്ട് ദേവിക്ക് ഭവാനി എന്നുപേര് എന്ന് മറ്റൊരു വ്യാഖ്യാനം.
ഭവ ശബ്ദത്തിനു സംസാരം എന്നും അര്‍ത്ഥം. സംസാരബന്ധത്തിനു ചൈതന്യമായതുകൊണ്ട് ദേവിക്ക് ഭവാനി എന്നുപേര് എന്നും വ്യാഖ്യാനിക്കും.
ഭവ ശബ്ദത്തിനു സംസാരം എന്നും അര്‍ത്ഥം. സംസാരബന്ധത്തിനു ചൈതന്യമായതുകൊണ്ട് ദേവിക്ക് ഭവാനി എന്നുപേര് എന്നും വ്യാഖ്യാനിക്കാം.
”രുദ്രോ ഭവോ ഭവഃ കാമോ ഭവഃ സംസാര സാഗരഃ
തത് പ്രാണനാദിയം ദേവീ ഭവാനീ പരികീര്‍ത്തിതാ”
എന്ന ദേവീ പുരാണശ്ലോകത്തെ ആസ്പദമാക്കിയാണ് ഈ മൂന്നു വ്യാഖ്യാനങ്ങളും.
… തുടരും
















