കാഠ്മണ്ഡു: ഭൂകമ്പത്തില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടില്‍ നിന്ന് എത്രയോ ദിവസം കഴിഞ്ഞിട്ടും മരണത്തിന് കീഴ്‌പെടാതെ ജീവിതത്തിലേയ്‌ക്ക് മടങ്ങിയെത്തിവര്‍ ഒട്ടനവധിയുണ്ട്. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്ഥമാണ് ഫാഞ്ചു ഗലയെയുടെ അവസ്ഥ.
എട്ടു ദിവസം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കഴിച്ചു കൂട്ടിയ ഫാഞ്ചുവിന് വയസ്സ് 105 ആയി. അയുസ്സിന്റെ കണക്കുപുസ്തകത്തില്‍ ഫാഞ്ചുവിന് ഇനിയും ജീവിതം ബാക്കിയുണ്ടാകാം.
മധ്യനേപ്പാളിലെ കിംതാഗ് ഗ്രാമവാസിയാണു ഫാഞ്ചു ഗലെ. ഭൂകമ്പത്തില്‍ ഫാഞ്ചുവിന്റെ വീടും നാമാവശേഷമായി. വീട്ടിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ പ്രായംതളര്‍ത്തിയ ശരീരവുമായി രക്ഷപ്പെടാന്‍ കഴിയാതെ ഫാഞ്ചു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടു. ഇനിയുമാരും ജീവനോടെയുണ്ടാവില്ലെന്നുറപ്പിച്ചാണു ജോലിക്കാര്‍ എട്ടാം ദിവസം കെട്ടിടാവശിഷ്ടങ്ങള്‍ നീക്കംചെയ്തു തുടങ്ങിയത്.
ജോലി പുരോഗമിക്കുമ്പോള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഞരക്കം. ശബ്ദം കേട്ടഭാഗത്തെ അവശിഷ്ടങ്ങള്‍ മാറ്റിയെത്തുമ്പോള്‍ ജോലിക്കാര്‍ ഫാഞ്ചുവിനെ അവശനിലയില്‍ കണ്ടെത്തി. ഉടന്‍തന്നെ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി.
പരിശോധനയില്‍ കാലിനു ചെറിയ പരുക്ക് മാത്രമാണു കണ്ടെത്താന്‍ കഴിഞ്ഞത്. പ്രാഥമിക ശുശ്രൂഷയ്‌ക്കു ശേഷം ഫാഞ്ചുവിനെ ആശുപത്രിയില്‍ നിന്നു വിട്ടയയ്‌ക്കുകയും ചെയ്തു.
















