ജക്കാര്‍ത്ത: രാജ്യമൊട്ടാകെ ഉയര്‍ന്ന പ്രക്ഷോഭത്തിനിടെ മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ട എട്ടുപേരുടെ വധശിക്ഷ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നടപ്പാക്കി. ഇന്തോനേഷ്യയിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ ഒമ്പതു പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇവരെയെല്ലാം വധശിക്ഷയ്‌ക്കു വിധേയമാക്കാനാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതെങ്കിലും കേസിലെ സ്ത്രീ കുറ്റവാളിയുടെ ശിക്ഷ അവസാന നിമിഷം മാറ്റിവെച്ചു.
വധിക്കപ്പെട്ടവരില്‍ ഏഴുപേര്‍ ആസ്‌ത്രേലിയ, ബ്രസീല്‍ , നൈജീരിയ എന്നീ രാജ്യങ്ങളിലെ പൗരന്മാരും ഒരാള്‍ ഇന്തോനേഷ്യനുമാണ്. ജാവ കടലിന്റെ ദക്ഷിണ തീരത്തുള്ള നുസ കംമ്പങ്കന്‍ ഐലന്‍ഡിലെ അറ്റോര്‍ണി ജനറലിന്റെ ഓഫീസിനു സമീപത്തുവെച്ച് പ്രത്യേകം സംഘത്തെ നിയോഗിച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. ഇന്തോനേഷ്യന്‍ നിയമം അനുസരിച്ച് തലയ്‌ക്ക് പിന്നില്‍ വെടിവച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്.
ഫിലിപ്പീന്‍സുകാരിയായ മേരി ജെയ്ന്‍ വെലോസോ(30)യുടെ വധശിഷയാണ് അവസാന നിമിഷം മാറ്റിവെച്ചത്. ഇവരുടെ കേസ് പുനര്‍വിചാരണയ്‌ക്കായി വീണ്ടും പരിഗണിക്കും. ഫിലിപ്പീന്‍സ് പ്രസിഡന്റ് ബെനിഗ്നോ അക്വിനോ മൂന്നാമന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റിനു നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ റദ്ദാക്കിയത്. ഹെറോയിന്‍ കടത്തിയെന്ന കുറ്റത്തില്‍ 2010ലാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍ ഇവരെ ചതിച്ച് മയക്കുമരുന്നുകേസില്‍ ഉള്‍പ്പെടുത്തിയതാണെന്നും വെലോസൊയുടെ ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ഐക്യരാഷ്‌ട്രസഭയുള്‍പ്പടെയുള്ള നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയെങ്കിലും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോ അത് തള്ളി. വധശിക്ഷ നിര്‍ത്തിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് ആസ്‌ത്രേലിയയും ബ്രസീലും നൈജീരിയയും നിരവധി തവണ ഇന്തോനേഷ്യന്‍ അംബാസിഡറേയും സര്‍ക്കാരിനേയും നേരിട്ട് അറിയിച്ചിരുന്നെങ്കിലും അതെല്ലാം അവഗണിക്കുകയായിരുന്നു.
വധശിക്ഷയ്‌ക്കുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അതിനിടെ വിവിധ രാജ്യങ്ങളുടേയും അന്താരാഷ്‌ട്ര സംഘടനകളുടേയും എതിര്‍പ്പിനെ അവഗണിച്ച് വധശിക്ഷ നടപ്പാക്കിയതില്‍ രാജ്യത്ത് പ്രക്ഷോഭം വ്യാപകമായിട്ടുണ്ട്.
















