ന്യൂദല്‍ഹി: ഗ്രീന്‍പീസിനും ഫോര്‍ഡ് ഫൗണ്ടേഷനും പിന്നാലെ വിദേശ ധനസഹായത്തോടെ രാജ്യത്തു പ്രവര്‍ത്തിക്കുന്ന 8,975 എന്‍ജിഒകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. വാര്‍ഷിക വരവുചിലവു കണക്കുകള്‍ യഥാസമയം സമര്‍പ്പിക്കാത്ത എന്‍ജിഒകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്.
2009-10, 2010-11, 2011-12 എന്നീ മൂന്നു കാലയളവുകളിലെ കണക്കുകള്‍ ഹാജരാക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയ എന്‍ജിഒകള്‍ക്കെതിരെ മാത്രമാണ് നടപടി. 2014 ഒക്‌ടോബര്‍ 16ന് 10, 343 എന്‍ജിഒകളോട് വരവ് ചെലവുകണക്കുകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. സംഘടനകള്‍ സ്വീകരിച്ച വിദേശ ഫണ്ട്, അവ ചെലവഴിച്ച വിധം എന്നിവ വ്യക്തമാക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. എന്നാല്‍ 229 എന്‍ജിഒകള്‍ മാത്രമേ പ്രതികരിച്ചുള്ളു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇത്രയധികം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കി ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. മന്ത്രാലയം നല്‍കിയ നോട്ടീസിന് ആറുമാസത്തിന് ശേഷവും മറുപടി നല്‍കാത്ത എന്‍ജിഒകളാണ് ലൈസന്‍സ് റദ്ദാക്കപ്പെട്ട 8,975 എണ്ണവും. ലൈസന്‍സ് റദ്ദാക്കിയ വിവരം അതാത് എന്‍ജിഒകളേയും അവയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജില്ലാ മജിസ്‌ട്രേറ്റിനെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും അറിയിച്ചിട്ടുണ്ട്.
വിദേശധനസഹായം സ്വീകരിക്കുന്നതിനുള്ള എഫ്‌സിആര്‍എ നിയമത്തിലെ പതിനാലാം വകുപ്പ്, 18-ാം വകുപ്പ്, വിദേശസംഭാവനാ നിയന്ത്രണ ചട്ടത്തിലെ 17(2) എന്നിവ പ്രകാരമായിരുന്നു നടപടി. എന്‍ജിഒകള്‍ക്ക് അയച്ച നോട്ടീസില്‍ 510 എണ്ണം കൈപ്പറ്റാതെ തിരികെ എത്തി. 632 എന്‍ജിഒകള്‍ ആഭ്യന്തരമന്ത്രാലയ നോട്ടീസ് കൈപ്പറ്റിയെങ്കിലും മറുപടി നല്‍കിയില്ല. മറ്റുള്ള 7833 എന്‍ജിഒകളുടെ വിശദീകരണം തൃപ്തികരമായിരുന്നില്ല. 2010ലെ വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിലെ 18-ാം വകുപ്പനുസരിച്ച് ലൈസന്‍സ് ലഭിക്കുന്ന എന്‍ജിഒകള്‍ സാമ്പത്തികവര്‍ഷം അവസാനിച്ച് ഒമ്പത് മാസത്തിനുള്ളില്‍ വരവുചെലവു കണക്കുകള്‍ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കേണ്ടതുണ്ട്. സംഭാവനയായി ലഭിച്ച തുക, തുക നല്‍കിയ സ്ഥാപനം അല്ലെങ്കില്‍ വ്യക്തി, സംഭാവന സ്വീകരിച്ചവഴി എന്നിവയാണ് നല്‍കേണ്ടത്. നടപടിക്കു വിധേയമായ എന്‍ജിഒകള്‍ ഈ നിബന്ധകള്‍ പാലിച്ചിരുന്നില്ല.
വൈദ്യുത പദ്ധതികള്‍, ഖനികള്‍, ജനിതക വിളകള്‍ എന്നിവയ്‌ക്കെതിരെ സമരം നടത്തുന്ന എന്‍ജിഒകള്‍ക്ക് ലഭിക്കുന്ന വിദേശ ധനസഹായം രാജ്യത്തിന്റെ വളര്‍ച്ച തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വിദേശധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളെ നിരീക്ഷണത്തിലാക്കിയത്. വിദേശ സഹായം സ്വീകരിക്കുന്ന സംഘടനകള്‍ക്ക് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രതീരുമാനം.
















