ന്യൂദല്‍ഹി: ഭൂകമ്പത്തെ തുടര്‍ന്ന് നേപ്പാളില്‍ അകപ്പെട്ടുപോയ 38 മലയാളികള്‍ തിരിച്ചെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് 38 മലയാളികളും ദല്‍ഹിയിലെത്തിയത്. ഇവരില്‍ 30 പേരെ ദല്‍ഹി കേരള ഹൗസില്‍ താമസിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്‌ച്ച രാവിലെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തിയ 30 പേരില്‍ 28 പേരും കോഴിക്കോട് സ്വദേശികളായ ബാങ്ക് ജീവനക്കാരാണ്. ഇവര്‍ ഇന്നും നാളെയുമായി നാട്ടിലേക്ക് തിരിക്കും. വൈകുന്നേരം 4.55ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഭാഗത്ത് ഇറങ്ങിയ പ്രത്യേക വ്യോമസേനാ വിമാനത്തില്‍ എട്ട് മലയാളികള്‍ കൂടി ദല്‍ഹിയിലെത്തിയിട്ടുണ്ട്. ഇവരില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടുന്നു.
സംഘത്തിലെ നാല് പേര്‍ ദല്‍ഹിയില്‍ താമസിക്കുന്നവരാണ്. ബംഗളുരുവില്‍ താമസിക്കുന്ന രണ്ട്‌പേര്‍ വൈകുന്നേരത്തോടെ തന്നെ ബംഗളുരുവിലേക്ക് തിരിച്ചു. തിരുവനന്തപുരം സ്വദേശികളായ മറ്റ് രണ്ട് പേരെ കേരള ഹൗസില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇവരും നാട്ടിലേക്ക് മടങ്ങാനുളള തയ്യാറെടുപ്പിലാണ്.
നേപ്പാള്‍ ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും നോര്‍ക്ക വകുപ്പ് മന്ത്രി കെ.സി.ജോസഫിന്റെയും നിര്‍ദ്ദേശ പ്രകാരം കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഫോണ്‍ നമ്പര്‍ : 011 30411 411, ഇമെയില്‍ [email protected]
നേപ്പാളില്‍ നിന്നും ഇന്നലെ രാത്രിയോടെ എത്തിച്ചേര്‍ന്ന വ്യോമസേനയുടെ ഉള്‍പ്പെടെ പ്രത്യേക വിമാനങ്ങളില്‍ കൂടുതല്‍ മലയാളികള്‍ ഉണ്ട്.
















