സന: ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊണ്ട യെമനിലേക്ക്അമേരിക്കന്‍ യുദ്ധക്കപ്പല്‍ കുതിക്കുന്നു. നാവിക സേനയുടെ യുഎസ്എസ് തിയഡോര്‍ റൂസ്‌വെല്‍റ്റ് എന്ന കപ്പലാണ് യാത്ര തിരിച്ചത്. മേഖലയിലുള്ള മറ്റു ചില അമേരിക്കന്‍ കപ്പലുകളും യെമന്റെ അടുത്തുണ്ട്. ഹൂതി വിമതര്‍ക്ക് ആയുധവുമായി എത്തുന്ന ഇറാന്‍ കപ്പലുകള്‍ അമേരിക്കന്‍ കപ്പലുകള്‍ തടയുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിട്ടുണ്ട്.
യെമന്‍സര്‍ക്കാരിനെതിരെ ഇറാന്റെയും അല്‍ഖ്വയ്ദയുടേയും പിന്തുണയോടെ പോരാടുന്ന വിമതര്‍ക്ക് ആയുധമെത്തിക്കുന്നത് വിലക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് അമേരിക്കന്‍ നീക്കം.
അറബിക്കടല്‍ വഴിയാണ് തിയഡോര്‍ റൂസ്‌വെല്‍റ്റ് യെമനിലേക്ക് നീങ്ങുന്നത്. എഫ് 18 യുദ്ധവിമാനങ്ങള്‍ അടക്കമുള്ള അത്യാധുനിക വിമാനങ്ങളും ആയുധങ്ങളും പേറുന്ന പടുകൂറ്റന്‍ യുദ്ധക്കപ്പലാണ് ഇത്.ഇറാന്റെ എട്ടു കപ്പലുകള്‍ യെമനി വിമതര്‍ക്കുള്ള ആയുധവുമായി തിരിച്ചിട്ടുണ്ടെന്ന വാര്‍ത്തകളെത്തുടര്‍ന്നാണ് അമേരിക്ക വളരെപ്പെട്ടെന്ന് തങ്ങളുടെ കപ്പല്‍ ഇവിടേക്ക് അയച്ചിരിക്കുന്നത്. ഇതു കൂടാതെ ഒന്‍പത് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഈ മേഖലയിലുണ്ട്.
തികച്ചും ദരിദ്ര രാജ്യമായ യെമന്‍ ആഭ്യന്തര യുദ്ധവും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണവും മൂലം തകര്‍ന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്.ഷിയാ ഭരണമുള്ള ഇറാനും സുന്നി മേധാവിത്വമുള്ള സൗദിയും തമ്മിലുള്ള നിഴല്‍യുദ്ധത്തിന് വേദിയായിരിക്കുകയാണ് യെമന്‍.
അമേരിക്കന്‍ കപ്പലുകളാണ് സൗദിനേതൃത്വത്തിലുള്ള സഖ്യസേനയ്‌ക്കു വേണ്ട സൗര്യങ്ങള്‍ ഒരുക്കിനല്‍കുന്നത്. സഖ്യസേന യെമന്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കുമ്പോള്‍ ഇറാനാണ് ഷിയാപക്ഷക്കാരായ ഹൂതി വിമതരെ പിന്തുണയ്‌ക്കുന്നത്.ഇവര്‍ക്കിടയില്‍ പെട്ട് നരകിക്കുന്നത് ജനങ്ങളും.
















