ഇന്ദ്രിയങ്ങളുടെ ലോകം വിട്ട് വളരെയകലെ എങ്ങോ നിന്നൊഴുകുന്ന അമരതയുടെ ആറ്റുനീര്‍ കുടിച്ച് ആരുടെ ജീവിതതൃഷ്ണയാണോ എന്നെന്നേക്കുമായി ശമിച്ചിട്ടുള്ളത്; ആരാണോ കാമത്തിന്റെയും സ്വര്‍ണത്തിന്റെയും വിഖ്യാതിയുടെയും ബന്ധത്രയം പാമ്പു സ്വന്തം പടമെന്നപോലെ വെടിഞ്ഞിട്ടുള്ളത്; ഇന്ദ്രിയാധീനര്‍ ഉപഭോഗമെന്നു വിളിക്കുന്നതും പൂഴി നിറഞ്ഞതും നിറക്കൊഴുപ്പുള്ളതുമായ ഈ ചെറു കൂണുകള്‍ക്കുവേണ്ടിയുള്ള മല്‍പ്പിടുത്തങ്ങളെയും അസൂയകളെയും കഴമ്പറ്റ വഴക്കുകളെയും ആരാണോ പ്രശാന്തമായ സ്വന്തം ഉച്ചതയില്‍നിന്ന് സ്‌നേഹത്തോടും അക്ഷോഭ്യതയോടും നോക്കിക്കാണുന്നത്; ആര്‍ക്കാണോ പൂര്‍വ പുണ്യശക്തി കണ്‍മുമ്പില്‍നിന്ന് അജ്ഞാനമറ മാറിക്കളകയാല്‍ നാമരൂപങ്ങളുടെ പൊള്ളത്തം കാണാന്‍ കഴിയുന്നത്; ആ കൂട്ടരുടെ മുമ്പില്‍, അവരെവിടെയുള്ളവരായാലും ശരി, ആദ്ധ്യാത്മികതയുടെ മാതൃഭൂമിയും അക്ഷയഖനിയുമായ ഭാരതം മറ്റൊരു രൂപം കൈക്കൊണ്ടാണ് നിലകൊള്ളുന്നത്; മാഞ്ഞുകൊണ്ടിരിക്കുന്ന നിഴലുകളുടേതായ ഈ വിശ്വത്തില്‍ ഒരേ വാസ്തവികസത്ത ആര്‍ക്കോ, ആ ഈശ്വരനെ തിരയുന്നവര്‍ക്കെല്ലാം പ്രത്യാശയുടെ പ്രദീപമത്രേ ഭാരതം.
















