ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശശി തരൂര്‍ എംപിയുടെ പ്രശംസ. പ്രധാനമന്ത്രിയെ പുകഴ്‌ത്തി ടൈം മാഗസിനില്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ എഴുതിയ ലേഖനം ഉദ്ധരിച്ചാണ് സോഷ്യല്‍ മീഡിയയിലൂടെ ശശി തരൂര്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചത്.
മോദിയെക്കുറിച്ചുളള ഒബാമയുടെ ലേഖനം ശ്രദ്ധേയമാണെന്നും രാഷ്‌ട്രീയമായി അഭിപ്രായഭിന്നതയുണ്ടെങ്കിലും നരേന്ദ്രമോദി പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്നാണ് ഭാരതീയര്‍ കരുതുന്നതെന്നും തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു.
ഒബാമയുടെ ലേഖനവും ഫേയ്‌സ് ബുക്കില്‍ ശശി തരൂര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
നരേന്ദ്രമോദിയെ പുകഴ്‌ത്തിയതിന്റെ പേരില്‍ നേരത്തെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനെ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പരിപാടിയെ പരസ്യമായി അംഗീകരിക്കുകയും പരിപാടിയുടെ ഭാഗമാകുകയും ചെയ്ത കോണ്‍ഗ്രസ് ജനപ്രതിനിധിയാണ് ശശി തരൂര്‍.
ആധുനീകതയുടെയും പുരോഗതിയുടെയും അവതാരമാണ് നരേന്ദ്രമോദിയെന്നും ശശി തരൂര്‍ നേരത്തെ ട്വിറ്ററില്‍ വിശേഷിപ്പിച്ചിരുന്നു.
















